ചെന്നൈ: ശ്രീരാമൻ്റെ അസ്തിത്വത്തെ സാധൂകരിക്കുന്ന പുരാവസ്തുപരമോ ചരിത്രപരമോ ആയ തെളിവുകളൊന്നുമില്ലെന്ന തമിഴ്‌നാട് ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കറുടെ പ്രസ്താവന വിവാദത്തില്‍. രാജേന്ദ്ര ചോള രാജാവിൻ്റെ ജന്മശതാബ്ദി അനുസ്മരണത്തോടനുബന്ധിച്ച് ഗംഗൈകൊണ്ടചോളപുരത്തെ പ്രശസ്തമായ ശ്രീ ബൃഹദീശ്വര ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയായിരുന്നു വിവാദപരാമര്‍ശം.
“പ്രശസ്ത ചോള ചക്രവർത്തിയായിരുന്ന രാജേന്ദ്ര ചോളനെ ഞങ്ങൾ ആദരിക്കുന്നു. അദ്ദേഹം നിര്‍മിച്ച ക്ഷേത്രങ്ങളും കുളങ്ങളും അദ്ദേഹം ജീവിച്ചിരുന്നു എന്നതിന് തെളിവായുണ്ട്. അദ്ദേഹത്തിന്‍റെ പേര് ലിപികളിൽ പരാമർശിക്കപ്പെടുന്നു, അദ്ദേഹത്തിൻ്റെ ശില്പങ്ങൾ ഉണ്ട്. എന്നാൽ രാമൻ ഉണ്ടായിരുന്നു എന്നതിന് തെളിവോ ചരിത്രത്തില്‍ പരാമര്‍ശമോ ഇല്ല. അവർ അദ്ദേഹത്തെ അവതാരം എന്ന് വിളിക്കുന്നു. ഒരു അവതാരം ഒരിക്കലും ജനിക്കില്ല. നമ്മുടെ ചരിത്രം മറയ്ക്കാനും മറ്റൊരു ചരിത്രം വലുതായി കാണിക്കാനുമാണ് ഇത് ചെയ്യുന്നത്. രാമനെ അവതാരമായി വിശേഷിപ്പിക്കുകയാണെങ്കിൽ, അത് അദ്ദേഹത്തിൻ്റെ അസ്തിത്വത്തെയും ദൈവിക പദവിയെയും കുറിച്ച് വൈരുദ്ധ്യങ്ങൾ ഉയർത്തുന്നു” ശിവശങ്കർ ആരോപിച്ചു. രാജേന്ദ്ര ചോളൻ്റെ (ചോള രാജവംശത്തിലെ രാജേന്ദ്ര ഒന്നാമൻ) പാരമ്പര്യം ആഘോഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അല്ലാത്തപക്ഷം തങ്ങളുമായി ബന്ധമില്ലാത്ത എന്തെങ്കിലും ആഘോഷിക്കാൻ ആളുകൾ നിർബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.