പൊന്നുരുന്നി : എറണാകുളം-അങ്കമാലി അതിരൂപതാ ശതാബ്ദി സ്മാരക എജുക്കേഷൻ സ്പോൺസർഷിപ്പ് പ്രോഗ്രാം വഴി വിദ്യാഭ്യാസ സഹായം ലഭിച്ചു കൊണ്ടിരിക്കുന്നവരുടെ യോഗവും സ്കോളർഷിപ്പ് വിതരണവും പൊന്നുരുന്നി കർദിനാൾ ജോസഫ് പാറേക്കാട്ടിൽ ഓഡിറ്റോറിയത്തിൽ നടത്തി. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷത വഹിച്ച യോഗം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി ഡയറക്ടർ ഫാ.തോമസ് നങ്ങേലിമാലിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കാലത്ത് നമുക്കു ലഭിച്ചിട്ടുള്ള സഹായങ്ങളും അറിവുകളും സ്വയം പര്യാപ്തതയിലെത്തുമ്പോൾ മറ്റൊരാൾക്ക് സഹായകരമാകുന്ന വിധത്തിൽ വിനിയോഗിക്കുവാൻ നമുക്ക് കടമയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കോളർഷിപ്പ് തുകയുടെ ചെക്കുകളും അദ്ദേഹം വിതരണം ചെയ്തു. സഹൃദയ പ്രൊജക്ട്സ് മോണിറ്ററിംഗ് ഇൻ ചാർജ് ഫാ. ജോസഫ് കൊടിയൻ, പ്രോഗ്രാം ഓഫീസർ കെ.ഒ.മാത്യൂസ്, സ്പോൺസർഷിപ്പ് പദ്ധതി കോ ഓർഡിനേറ്റർ ആനീസ് ജോബ് എന്നിവർ സംസാരിച്ചു. മൂവായിരത്തി എണ്ണൂറോളം കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് സഹായം നൽകാൻ കഴിഞ്ഞ ഈ പദ്ധതിയിൽ നിലവിൽ എൺപതോളം പേർക്ക് വിവിധ പ്രൊഫഷണൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്കോളർഷിപ്പ് നൽകിവരുന്നുണ്ടെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തു വെള്ളിൽ പറഞ്ഞു.
ഫോട്ടോ: അതിരൂപതാ ശതാബ്ദി സ്മാരക എജുക്കേഷൻ സ്പോൺസർഷിപ്പ് പദ്ധതിയുടെ സമ്മേളനം ഫാ.തോമസ് നങ്ങേലിമാലിൽ ഉദ്ഘാടനം ചെയ്യുന്നു. ആനീസ് ജോബ്, സിസ്റ്റർ ജൂലി, ഫാ. ജോസഫ് കൊടിയൻ, ഫാ. ജോസ് കൊളുത്തുവെള്ളിൽ, കെ.ഒ.മാത്യൂസ് എന്നിവർ സമീപം.