ന്യൂ ചണ്ഡീഗഢ്: സയ്യദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരളത്തിന് മധ്യപ്രദേശിനോട് തോൽവി. അഞ്ച് വിക്കറ്റിനായിരുന്നു മധ്യപ്രദേശിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് എട്ട് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. മധ്യപ്രദേശിന് വേണ്ടി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ത്രിപുരേഷ് സിങ്ങാണ് പ്ലെയർ ഓഫ് ദി മാച്ച്.
കേരളം 20 ഓവറിൽ 138/6 മധ്യപ്രദേശ് 18.4 ഓവറിൽ 142/5
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ സഞ്ജു സാംസന്റെ വിക്കറ്റ് നഷ്ടമായി. നാല് റൺസെടുത്ത സഞ്ജു, അവേശ് ഖാന്റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. തുടർന്നെത്തിയ അഹ്മദ് ഇമ്രാൻ (1) രണ്ടാം ഓവറിൽ തന്നെ പുറത്തായി. പത്ത് റൺസെടുത്ത മുഹമ്മദ് അസറുദ്ദീനും പുറത്തായതോടെ മൂന്ന് വിക്കറ്റിന് 30 റൺസെന്ന നിലയിലായിരുന്നു കേരളം. നാലാം വിക്കറ്റിൽ സൽമാൻ നിസാറും അഖിൽ സ്കറിയയും ചേർന്ന് കൂട്ടിച്ചേർത്ത 67 റൺസാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 32 റൺസെടുത്ത അഖിൽ സ്കറിയ 16-ാം ഓവറിൽ പുറത്തായി. അവസാന ഓവറുകളിൽ സ്കോറിങ് വേഗം ഉയർത്താനുള്ള ശ്രമത്തിനിടെ സൽമാനും മടങ്ങി. 19-ാം ഓവറിൽ ത്രിപുരേഷ് സിങ്ങിനെ രണ്ട് സിക്സും ഒരു ഫോറും പറത്തിയ സൽമാൻ നാലാം പന്തിൽ പുറത്താവുകയായിരുന്നു. 53 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 69 റൺസാണ് സൽമാൻ നേടിയത്. മധ്യപ്രദേശിന് വേണ്ടി ത്രിപുരേഷ് സിങ് മൂന്നും അവേശ് ഖാൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് ഓപ്പണർ അക്ഷത് രഘുവംശി നൽകിയ തകർപ്പൻ തുടക്കമാണ് മുതൽക്കൂട്ടായത്. മറുവശത്ത് നിർണായക ഘട്ടങ്ങളിൽ ക്യാച്ചുകൾ കൈവിട്ടത് കേരളത്തിന് തിരിച്ചടിയായി. എം ഡി നിധീഷ് എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിൽ അങ്കുഷ് സിങ് (5) പുറത്തായെങ്കിലും അക്ഷതും ശിവങ് കുമാറും ചേർന്ന് രണ്ടാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു. 15 റൺസെടുത്ത ശിവങ് കുമാറിനെ കാർത്തിക് ബി. നായർ പുറത്താക്കി. തുടർന്നെത്തിയ അപൂർവ്വ ദ്വിവേദിയും അക്ഷത് രഘുവംശിയും ചേർന്ന് 23 റൺസ് കൂട്ടിച്ചേർത്തു. 45 റൺസെടുത്ത അക്ഷതിനെ പുറത്താക്കി ബിജു നാരായണനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. ആ ഓവറിലെ അവസാന പന്തിൽ രജത് പട്ടീദാറിനെ കാർത്തിക് ബി. നായർ കൈവിട്ടത് കേരളത്തിന് തിരിച്ചടിയായി. പിന്നീട് എം.ഡി. നിധീഷും പട്ടീദാറിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി. അവസരം മുതലാക്കിയ പട്ടീദാർ ക്യാപ്റ്റന്റെ ഇന്നിങ്സുമായി ടീമിനെ വിജയത്തിലെത്തിച്ചു. രജത് പട്ടീദാർ 36-ഉം രാഹുൽ ബഥം 10-ഉം റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി കാർത്തിക് ബി. നായർ രണ്ട് വിക്കറ്റ് വീഴ്ത്തി.
