തിരുവനന്തപുരം: കർണാടകയിലെ അങ്കോലയിലെ മണ്ണിടിച്ചിലിൽ ഉൾപ്പെട്ട അർജുനെ കണ്ടെത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് മുഖ്യമന്ത്രി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. തിരച്ചിൽ, രക്ഷാനടപടികൾ വേഗത്തിൽ ആക്കണമെന്നും മുഖ്യമന്ത്രി കത്തിൽ അഭ്യർഥിച്ചു. വിഷയത്തിൽ വ്യക്തിപരമായ ശ്രദ്ധ കൂടി പുലർത്തണമെന്ന് സിദ്ധരാമയ്യയോട് മുഖ്യമന്ത്രി അഭ്യർഥിച്ചു.
അങ്കോല മണ്ണിടിച്ചിലിൽ കാണാതായ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ താൽകാലികമായി അവസാനിപ്പിച്ച സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. മൂന്ന് ദിവസം കഴിഞ്ഞിട്ടും കാര്യക്ഷമമായ തിരച്ചിൽ നടക്കാത്തത് സങ്കടകരമാണെന്നും കുടുംബം പറഞ്ഞിരുന്നു. പിന്നാലെ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു.