ഡേറ്റിങ്ങ് ആപ്പ് തട്ടിപ്പ്, ഐഎഎസ് ഉദ്യോഗാർഥിയായ യുവാവിന് നഷ്ടമായത് 1.20 ലക്ഷം

National

ന്യൂഡൽഹി: എന്തിലും ഏതിലും തട്ടിപ്പുകാർ നുഴഞ്ഞു കയറുന്ന കാലമാണ്. ഇപ്പോഴിതാ ഡേറ്റിങ്ങ് ആപ്പ് തട്ടിപ്പിൽ യുവാവിന് നഷ്ടമായത് 1.20 ലക്ഷം ! തട്ടിപ്പ് രീതികൾ വ്യത്യസ്തമാണ്. ഡേറ്റിങ്ങിന്റെ പേരിൽ വിളിപ്പിച്ചു വിലകൂടിയ ഭക്ഷണം ഓർഡർ ചെയ്താണു തട്ടിപ്പ് നടത്തിയത്. ഡൽഹിയിൽ തട്ടിപ്പിനിരയായത് ഐഎഎസ് ഉദ്യോഗാർഥിയായ യുവാവാണ്. നഷ്ടമായതോ 1.20 ലക്ഷം രൂപയും. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.

ഡേറ്റിങ് ആപ്പായ ടിൻഡർ വഴിയാണ് ഐഎഎസ് ഉദ്യോഗാർഥിയായ യുവാവ്, അഫ്സാൻ പർവീൺ എന്ന യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് ഡേറ്റിങ്ങിനു യുവാവിനെ യുവതി ക്ഷണിക്കുകയും ചെയ്തു. അഫ്സാൻ നിർദേശിച്ച റസ്റ്ററന്റിലാണ് ഡേറ്റിങ് നിശ്ചയിച്ചിരുന്നത്. വിലകൂടിയ ഭക്ഷണവിഭവങ്ങൾ ഓർഡർ ചെയ്തശേഷം റസ്റ്ററന്റിൽനിന്ന് അഫ്സാൻ പർവീൺ മുങ്ങി. അതാണ് തട്ടിപ്പിന്റെ ഒരുഘട്ടം. റസ്റ്ററന്റ് ഉടമ കൂടി തട്ടിപ്പിനു കൂട്ടു നിൽക്കുന്നു എന്നതാണ് ഈ തട്ടിപ്പിന്റെ ശ്രദ്ധേയമായ പോയിന്റ്.

യുവതി പോയശേഷം ഭക്ഷണത്തിന്റെ ഓർഡർ യുവാവ് റദ്ദാക്കി. വിലകൂടിയ ഭക്ഷണവിഭവമാണ് ഓർഡർ ചെയ്തിരുന്നതെന്നും നഷ്ടപരിഹാരമായി ബിൽ തുക നൽകണമെന്നും യുവാവിനെ മാനേജരും ബൗൺസർമാരും ചേർന്നു ഭീഷണിപ്പെടുത്തി. ഇങ്ങനെയാണു യുവാവിന് 1.20 ലക്ഷം രൂപ നഷ്ടമായത്.

ബിൽ തുകയുടെ 15% യുവാവിനെ എത്തിച്ച അഫ്സാനയ്ക്കും 40% റസ്റ്ററന്റ് ഉടമയ്ക്കും ബാക്കി 45% തട്ടിപ്പ് ആസൂത്രണം ചെയ്ത മാനേജർക്കും ബൗൺസർമാർക്കും എന്നതായിരുന്നു ഇവരുടെ രീതി. യുവാവിന്റെ പരാതിയിൽ കേസെടുത്ത ഡൽഹി പൊലീസ് റസ്റ്ററന്റ് മാനേജരായ അക്ഷയ് പഹ്വായയെയും അഫ്സാൻ പർവീണിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *