തിരുവനന്തപുരം: മനുഷ്യ-വന്യമൃഗ സംഘര്‍ഷത്തില്‍ ജീവഹാനിക്കുള്ള നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ 25 ശതമാനം വര്‍ധിപ്പിച്ചു. വന്യജീവികളുടെ ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നല്കിവന്നിരുന്ന 14 ലക്ഷം രൂപ 17.5 ലക്ഷം രൂപയായി ഉയര്‍ത്താനാണ് തീരുമാനം. പാമ്പ്, കടന്നല്, തേനീച്ച എന്നിവയുടെ ആക്രമണം മൂലമുള്ള മരണങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. ഉത്തരവ് ഇറക്കുന്ന നടപടികള്‍ വനംവകുപ്പ് വേഗത്തിലാക്കി.
വന്യജീവി ആക്രമണത്തിലുണ്ടാകുന്ന കൃഷി നാശത്തില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കി നേരത്തെ ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്ത് കാട്ടുപോത്ത്-കാട്ടാന ആക്രമണങ്ങള്‍ വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജീവഹാനിക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചത്.
നഷ്ടപരിഹാരം വര്‍ധിപ്പിക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ വനംവകുപ്പിന്റെ അനുമതിക്കായി എത്തിയിട്ടുണ്ട്. മലയോര മേഖലയില്‍ താമസിക്കുന്നവരടക്കം ഉയര്‍ത്തിയ ആവശ്യമായിരുന്നു നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ ഉത്തരവ് പുറത്തിറക്കാനാണ് വനംവകുപ്പ് തീരുമാനം.
അതോടൊപ്പം, ആക്രമണങ്ങളില്‍ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കുള്ള ധനസഹായവും വര്‍ധിപ്പിച്ചിട്ടുണ്ട്. 40 മുതല്‍ 60 ശതമാനം വരെ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം രണ്ട് ലക്ഷം രൂപയില്‍ നിന്ന് 2.5 ലക്ഷം രൂപയായും 60 ശതമാനത്തിന് മുകളില്‍ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് നല്‍കിയിരുന്ന 2.5 ലക്ഷം രൂപ 3,12,500 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.
ധനസഹായം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി തീരുമാനിച്ചിരുന്നു. തുടര്‍ന്ന് വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാരം പരിഷ്കരിക്കുന്നതിനായി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ശിപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം വര്‍ധിപ്പിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. നഷ്ടപരിഹാരത്തുകയില്‍ വര്‍ധിപ്പിക്കുന്ന തുക വനംവകുപ്പ് അനുവദിക്കുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി സംസ്ഥാനതല ഉപദേശക സമിതി രൂപീകരിച്ച് വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയിലെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സുതാര്യത ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ നടപടി.
/
