തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സംസ്ഥാന പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും ജീവൻരക്ഷാ പ്രാഥമിക ശുശ്രൂഷയിൽ സിപിആർ പരിശീലനം നൽകി. കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയും വിസ്ഡം ഡെവലപ്മെന്റ് ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന ‘മിഷൻ 100കെ’ എന്ന സംസ്ഥാനതല ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.
പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഹെഡ്ക്വാർട്ടേഴ്സിലെ ജീവനക്കാർ “കേരള ഫസ്റ്റ് റെസ്പോണ്ടർ” പദവിക്ക് അർഹരായി.
ഹൃദയസ്തംഭനം സംഭവിക്കുന്ന സന്ദർഭങ്ങളിൽ ആംബുലൻസ് എത്തുന്നതിന് മുൻപുള്ള ആദ്യ മിനിറ്റുകളിൽ നൽകുന്ന ശരിയായ പ്രഥമശുശ്രൂഷ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണ്. അപകടസ്ഥലങ്ങളിലും ജനക്കൂട്ടത്തിലും ആദ്യം എത്തിച്ചേരുന്നവരിൽ പോലീസ് ഉദ്യോഗസ്ഥരുള്ളതിനാൽ, അവരുടെ ഈ പരിശീലനം സംസ്ഥാനത്തിന്റെ അടിയന്തര പ്രതികരണ സംവിധാനത്തിന് വലിയ കരുത്തുപകരുമെന്ന് അധികൃതർ വ്യക്തമാക്കി.
ചടങ്ങിൽ വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവ് പേട്രൺ അംബാസഡർ ടി.പി. ശ്രീനിവാസൻ ഐഎഫ്എസ്, ആസ്റ്റർ മെഡ്സിറ്റി എമർജൻസി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ജോൺസൺ കെ. വർഗീസ് എന്നിവർ ഒപ്പിട്ട അനുമോദന സർട്ടിഫിക്കറ്റ് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് ഐജി ഹര്ഷിത അട്ടല്ലൂരി ഐപിഎസിന് സമ്മാനിച്ചു. പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എഐജി (പേഴ്സണൽ) ജി. പൂങ്കുഴലി ഐപിഎസ്, ആസ്റ്റർ മെഡ്സിറ്റി സിഒഒ ഡോ. ഷുഹൈബ് കാദർ, വിസ്ഡം4ഫ്യൂച്ചർ ഫൗണ്ടർ ആൻഡ് പ്രോജക്ട് ഡയറക്ടർ മൈക്കിൾ മാത്യു എന്നിവർ സന്നിഹിതരായി.
