കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ കോക്ക്റോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച ‘ലെഹ്രാ ദോ തിരംഗ’ കാമ്പയിൻ വൻ വിജയമെന്ന് കോക്രോച്ച് ജനതാ പാര്ട്ടി. സിജെപി സ്ഥാപകനും ദേശീയ കൺവീനറുമായ അഭിജിത് ദീപ്കെയെ പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെങ്കിലും, വൻതോതിൽ ജനങ്ങൾ തടിച്ചുകൂടി ദേശീയ പതാക ഉയർത്തി. അഭിജിത് ദീപ്കെയെ രാവിലെ വസതിയിൽ വെച്ച് തനിയെ നടക്കുന്നതിനിടയിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായി മണിക്കൂറുകൾ കഴിഞ്ഞിട്ടും അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്ന കൃത്യമായ സ്ഥലം കുടുംബാംഗങ്ങൾക്കോ നിയമ സംഘത്തിനോ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിലും നിയമനങ്ങളിലും പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ ഇറങ്ങുന്നതിൽ നിന്ന് ഇത്തരം അറസ്റ്റുകൾക്ക് തടയാനാകില്ലെന്ന് പാർട്ടി വ്യക്തമാക്കി. ദേശീയ പതാകയേന്തി സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പൊതുജനങ്ങൾക്കുമെതിരെ പോലീസ് നടത്തിയ അതിക്രമങ്ങളുടെ വീഡിയോ തെളിവുകളും പാർട്ടി പുറത്തുവിട്ടിട്ടുണ്ട്. അഭിജിത് ദീപ്കെയെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നത് എന്ന വിവരം ഉടൻ
പുറത്തുവിടണമെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നും സമഗ്രമായ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു.
രാജ്യതലസ്ഥാനത്ത് സിജെപിയുടെ തിരംഗാ മാര്ച്ചിനിടെയുണ്ടായ പൊലീസ് നടപടിയില് പ്രതികരണവുമായി വിവിധ നേതാക്കളും രംഗത്തെത്തി. അഭിജീത് ദീപ്കെയേയും നേഹ ബോറയേയും കസ്റ്റഡിയിലെടുത്തതിനെ നേതാക്കള് രൂക്ഷമായി വിമര്ശിച്ചു. കസ്റ്റഡയിലെടുത്ത നേഹ ബോറയും അഭിജീത് ദീപ്കെയും എവിടെയെന്ന ചോദ്യവും നേതാക്കള് ഉന്നയിക്കുന്നുണ്ട്.
