ലോകമാനസികാരോഗ്യ ദിനാചരണം: ഐ.എ.സി.പി- കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി സംയുക്തമായി സംഘടിപ്പിക്കുന്ന ഓപ്പൺ മൈൻഡ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും

കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ‘ദി ഓപ്പൺ മൈൻഡ്’ എന്ന പേരിൽ പ്രത്യേക പരിപാടിയുമായി ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ്-കേരള റീജിയൻ സെൻട്രൽ സോണും കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും.
ഒക്ടോബർ 10-ന് ക്യാമ്പസിൽ നടക്കുന്ന പ്രോ​ഗ്രാം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും.

രാവിലെ ഒമ്പതിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജെയിൻ സർവകലാശാല ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ്, ഐ.എ.സി.പി-കെ.ആർ പ്രസിഡന്റ് ബാർസ്ലീബി അലക്സ് എന്നിവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന പാനൽ ചർച്ചയിൽ പീഡിയാട്രിക്സ് വിഭാഗം വിദഗ്ധനായ ഡോ. തോമസ് രഞ്ജിത്ത്, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററും എഴുത്തുകാരനുമായ കെ. വിശ്വനാഥ് എന്നിവർ സംസാരിക്കും. ഡോ. മിഥില ജോസാണ് പാനൽ ചർച്ച നിയന്ത്രിക്കുന്നത്. 11.45-ന് രമേഷ് പിഷാരടി എം.എൽ.എയും ഐ.എ.സി.പി-കെ.ആർ സെൻട്രൽ സോൺ പ്രതിനിധിയും പ്രോഗ്രാം കൺവീനറുമായ സൈലേഷ്യ ജിയും പങ്കെടുക്കുന്ന ഇൻ കോൺവർസേഷൻ’ സെഷനും അരങ്ങേറും. പ്രോ​ഗ്രാമിന്റെ ഭാ​ഗമായി ജെയിൻ യൂണിവേഴ്സിറ്റിയിലെ സൈക്കോളജി വിഭാഗം വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും.

ചടങ്ങിൽ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ക്യാമ്പസുകളിൽ മികച്ച മാനുഷിക ബന്ധങ്ങളും ആരോഗ്യകരമായ ഒരു സമൂഹവും വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ബി ഹാപ്പി പ്രോജക്ട്, ദി ഹാപ്പിനെസ്സ് ക്ലിനിക് എന്നിവയുടെ ഉദ്ഘാടനവും നടക്കും. ഉൾക്കൊള്ളുക, സഹാനുഭൂതി പ്രകടിപ്പിക്കുക, ആരോഗ്യത്തോടെയിരിക്കുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

“അനുഭവങ്ങൾ കേൾക്കാം: യഥാർത്ഥ ശബ്ദങ്ങൾ, യഥാർത്ഥ മാറ്റം” എന്ന ഈ വർഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള പ്രോ​ഗ്രാം മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുടെ അനുഭവങ്ങൾ കേൾക്കാനും മനസ്സിലാക്കാനും പിന്തുണ നൽകാനും സഹായകമാകും. വിദഗ്ധരുടെ ചർച്ചകളിലൂടെയും പൊതുസംവാദങ്ങളിലൂടെയും മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആശയവിനിമയങ്ങൾ കൂടുതൽ സുതാര്യവും ജനകീയവുമാക്കുക എന്നതാണ് ‘ദി ഓപ്പൺ മൈൻഡ്’ ലക്ഷ്യമിടുന്നതെന്ന് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ.ടോം ജോസഫ് പറഞ്ഞു. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അനാവശ്യമായ തെറ്റിദ്ധാരണകൾ മാറ്റാനും കൃത്യസമയത്ത് ചികിത്സയും സഹായവും തേടാൻ ജനങ്ങളെ പ്രേരിപ്പിക്കുകയെന്നതും ഓപ്പൺ മൈൻഡിന്റെ ഉദ്യമമാണ്. മാനസികാരോഗ്യ ദിനത്തിന്റെ പ്രാധാന്യം ഒരു ദിവസത്തിൽ മാത്രം ഒതുക്കാതെ അർത്ഥവത്തായ മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രോ​ഗ്രാം സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *