മാള: ഈ അധ്യയന വർഷത്തെ സഹോദയ സംസ്ഥാന കലോത്സവം നവംബർ 12, മുതൽ 15 വരെ മാള ഹോളി ഗ്രേസ് അക്കാദമി സിബിഎസ്ഇ സ്കൂളിൽ നടക്കും.
. കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗവും ലോഗോ പ്രകാശനവും മാള ഹോളി ഗ്രേസ് അക്കാദമിയിൽ നടന്നു.കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കലോത്സവത്തിന്റെ വിശദാംശങ്ങൾ പ്രിൻസിപ്പൽ ഡോ. ലിവിയ പി.വി വിശദീകരിച്ചു. 31 സഹോദയകളിൽ നിന്നുള്ള 1,400-ഓളം സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി പതിനായിരത്തോളം പ്രതിഭകൾ പങ്കെടുക്കുo.35-ൽ അധികം വേദികളിലായി 140 ഇനങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ടി.സി.എസ് സഹോദയ ചീഫ് പാട്രണും ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സൈനിക് സ്കൂൾ ചെയർമാനുമായ ഡോ. രാജു ഡേവിസ് പെരേപ്പാടൻ, കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ ജനറൽ സെക്രട്ടറി ദീപാ ചന്ദ്രൻ, രേണുക എസ്. മേനോൻ എന്നിവർ സംസാരിച്ചു.
വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, മറ്റ് ജനപ്രതിനിധികൾ, വിവിധ സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാർ, അധ്യാപകർ, സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
സഹോദയ സംസ്ഥാന കലോത്സവം മാളയിൽ
