തിരുവനന്തപുരം: ഒക്ടോബർ ആദ്യവാരത്തിൽ ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് തിരുവനന്തപുരം ഒരുങ്ങുന്നു. ലോകശ്രദ്ധ ആകർഷിക്കുന്ന മറ്റൊരു പ്രധാന ഉത്സവത്തിന് കൂടി തലസ്ഥാന നഗരം വേദിയാകുകയാണ്.
കേരളവും തമിഴ്നാടും ഒരുമിച്ച് പങ്കാളികളാകുന്ന ആയുധപൂജ, വിദ്യാരംഭം തുടങ്ങിയ പ്രധാന ചടങ്ങുകളോടനുബന്ധിച്ച് ജനലക്ഷങ്ങൾ പങ്കെടുക്കുന്ന നവരാത്രി ആഘോഷങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരം മേയർ അഡ്വ. വി. വി. രാജേഷിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ, ജനപ്രതിനിധികൾ, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളുടെ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ എത്തിച്ചേരുന്ന ഭക്തർക്കും പൊതുജനങ്ങൾക്കും ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുക, ഗതാഗത ക്രമീകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, ശുചിത്വം, കുടിവെള്ളം, ആരോഗ്യ സംവിധാനങ്ങൾ, വൈദ്യുതി, പാർക്കിംഗ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു.
കേരളത്തിന്റെയും തമിഴ്നാടിന്റെയും സാംസ്കാരിക പൈതൃകവും വിശ്വാസങ്ങളും ഒരുമിക്കുന്ന ഈ ആഘോഷം ജനപങ്കാളിത്തത്തോടെയും മികച്ച ഏകോപനത്തോടെയും മനോഹരമായി സംഘടിപ്പിക്കുകയാണ് ലക്ഷ്യം.
നവരാത്രി ആഘോഷങ്ങൾക്ക് തിരുവനന്തപുരം വേദിയാകുന്നതോടെ തലസ്ഥാന നഗരത്തിന്റെ സാംസ്കാരിക പ്രാധാന്യം ദേശീയതലത്തിലും അന്തർദേശീയതലത്തിലും കൂടുതൽ ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
