23 ശതമാനം മഴകുറവ് ഇനി തുലാവർഷത്തിനായി കാത്തിരിക്കാം

തിരുവനന്തപുരം മൺസൂൺ കടന്നു പോകാറായി, സംസ്ഥാനത്ത് ഇതുവരെ 23 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി മഴയേ ഇല്ല. ഇത്തവണ ജൂൺ ഒന്നിനു തന്നെ കാലവർഷം ആരംഭിച്ചപ്പോൾ വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ, എല്ലാം തെറ്റി. എൽനിനോ പ്രിതഭാസമാണ് വില്ലനായതെന്നാണ് കാലാവസ്ഥ വിദഗ്‌ധർ പറയുന്നത്.ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ മഴക്കുറവ് 64 ശതമാനമാണ്. ഈ കാലയളവിൽ 76.2 മി. മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്‌തത് 27.4 മി. മീറ്റർ മാത്രമാണ്. ജൂൺ മുതൽ ഇതുവരെ 1769.9 മി.മീറ്റർ മഴ പ്രതീക്ഷിച്ചെങ്കിലും 1369.6 മി. മീറ്ററേ പെയ്തുള്ളൂ. കാലവർഷം നിരാശപ്പെടുത്തി പിൻവാങ്ങാനൊരുമ്പോൾ പ്രതീക്ഷ തുലാവർഷത്തിലാണ്. ഒക്ടോബറിൽ ആരംഭിച്ച് ഡിസംബർ വരെയാണ് തുലാവർഷം. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ലെങ്കിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.തുലാവർഷം തെക്കൻ, മദ്ധ്യകേരളത്തിലാണ് കൂടുതൽ കിട്ടാറാള്ളത്. മഴ മാറിയതോടെ വൈദ്യുതി ഉപഭോഗത്തിലും വർദ്ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ആകെ ഉപഭോഗം 94 ദശലക്ഷം യൂണിറ്റ് കടന്നു. കാലവർഷം സജീവമായ സമയത്ത് ഇത് 80 ദശലക്ഷത്തിൽ താഴെയായിരുന്നു. 4850 മെഗാവാട്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയ ഉപയോഗം. 4000 മെഗാവാട്ടിൽ താഴെ നിൽക്കേണ്ട സ്ഥാനത്താണ് ഈ വർധന.

Leave a Reply

Your email address will not be published. Required fields are marked *