രാജ്യതലസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ ദാരുണാവസ്ഥ പരിഹരിച്ചില്ലെങ്കിൽ ഡൽഹി സർക്കാറിനെതിരെ വീണ്ടും പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). ഛത്തർപൂരിലെ സഞ്ജയ് കോളനിയിലുള്ള സർക്കാർ സ്കൂളുകൾ നവീകരിക്കാമെന്ന് വിദ്യാർഥികൾക്ക് നൽകിയ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് പാർട്ടി അന്ത്യശാസനം നൽകി.
സഞ്ജയ് കോളനിയിലെ നിവാസികൾ സർക്കാറിന് നൽകിയ സെപ്റ്റംബർ 15 വരെയുള്ള സമയപരിധിക്കുള്ളിൽ പണികൾ ആരംഭിച്ചില്ലെങ്കിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് പാർട്ടി വ്യക്തമാക്കിയത്.
സി.ജെ.പിയുടെ ‘സ്കൂൾ ഠീക് കരോ’ (സ്കൂളുകൾ നന്നാക്കൂ) പ്രചാരണ പരിപാടിയുടെ ഭാഗമായി സഞ്ജയ് കോളനിയിലെ സ്കൂളുകൾ നേരിട്ട് സന്ദർശിച്ചതായി പാർട്ടി കോ-കൺവീനർ സൗരവ് ദാസ് അറിയിച്ചു. സ്കൂൾ പരിസരങ്ങളുടെ ദാരുണമായ ചിത്രങ്ങളും വിവരങ്ങളും അദ്ദേഹം എക്സിലൂടെ പുറത്തുവിട്ടു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി രേഖാ ഗുപ്ത സഞ്ജയ് കോളനി സന്ദർശിച്ച് പുതിയ സ്കൂൾ കെട്ടിടം നിർമിക്കുമെന്ന് ഉറപ്പുനൽകിയത്. എന്നാൽ ആറുമാസം പിന്നിട്ടിട്ടും ഒരു മാറ്റവുമില്ലെന്ന് മാത്രമല്ല, മാലിന്യപ്പുഴ നീന്തി വേണം കുട്ടികൾക്ക് സ്കൂളിലെത്താനെന്നും സൗരവ് ദാസ് ചൂണ്ടിക്കാട്ടി.
