ലക്നൗ: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് അയോധ്യയിലെ ശ്രീരാമക്ഷേത്രം സന്ദര്‍ശിക്കും. ഈ മാസം 22-ന് നടക്കുന്ന രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.എന്നാല്‍, ഭരണപരമായ തിരക്കുകളെ തുടര്‍ന്ന് അന്നേദിവസം ക്ഷേത്രത്തില്‍ എത്തിച്ചേരാൻ കഴിയാത്തതിനെ തുടര്‍ന്നാണ് ഇന്ന് അയോധ്യ സന്ദര്‍ശിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങിനു ശേഷം മറ്റൊരു ദിവസം വീണ്ടും അയോധ്യ സന്ദര്‍ശിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജനുവരി 2-ന് അയോധ്യയില്‍ പൂജിച്ച അക്ഷതം ഗവര്‍ണര്‍ ഏറ്റുവാങ്ങിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് രാജ്യത്തൊട്ടാകെയുള്ള നിരവധി പ്രമുഖര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്ക് പുറമേ, മാതാ അമൃതാനന്ദമയി, നടൻ മോഹൻലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കേരളത്തില്‍ നിന്നും ചടങ്ങിലേക്ക് ക്ഷണമുള്ളത്.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നത്. പ്രതിഷ്ഠാ ചടങ്ങില്‍ 7000-ലധികം വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്നതാണ്. ഉച്ചയ്ക്ക് 12:29:8 മുതല്‍ 12:30:32 വരെയാണ് ചടങ്ങിന്റെ മുഹൂര്‍ത്തം.