ഭൂമിയുടെ സമീപത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഭീമാകാരമായ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ കൗതുകപൂർവം കാത്തിരിക്കുകയാണ് ശാസ്ത്രലോകം. മണിക്കൂറിൽ 30,204 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രത്തിന് ഏകദേശം 86.76 അടി വ്യാസമുണ്ടെന്നാണ് അനുമാനം. എന്നുവെച്ചാൽ ഏകദേശം എട്ടു നിലകളുള്ള ഒരു കെട്ടിടത്തിന് സമാനമായ വലിപ്പം. 2024എം.ഇ1 എന്നാണ് ഈ ഛിന്നഗ്രഹത്തിന് ശാസ്ത്രലോകം പേരിട്ടിരിക്കുന്നത്.ജൂലൈ പത്താം തീയ്യതി യൂണിവേഴ്സൽ സമയം 14.51നായിരിക്കും 2024 എംഇ1 ഭൂമിയോട് ഏറ്റവും അടുത്ത് എത്തിച്ചേരുന്നത്. ഭൂമിയിൽ നിന്ന് ഏതാണ്ട് 4.35 ദശലക്ഷം കിലോമീറ്റർ അകലെയായിരിക്കും അപ്പോൾ ഈ ഭീമൻ ഛിന്നഗ്രഹം. ജ്യോതിശാസ്ത്ര വിദഗ്ധരുടെ കണക്കുകൂട്ടലുകൾ പ്രകാരം ഛിന്നഗ്രഹത്തിന്റെ ഭൂമിയോട് അടുത്ത ഭാഗം ഇവിടെ നിന്ന് 4.31 ദശലക്ഷം കിലോമീറ്റർ ദൂരത്തിലും ഏറ്റവും അകലെയുള്ള ഭാഗം 4.39 ദശലക്ഷം കിലോമീറ്റർ അകലെയും ആയിരിക്കും. ഭൂമിക്കും ചന്ദ്രനും ഇടയിലെ അകലത്തിന്റെ ഏതാണ്ട് 11 മടങ്ങാണ് ഈ ദൂരം. ഈ സമയം സെക്കന്റിൽ 8.39 കിലോമീറ്റർ എന്ന വേഗത്തിലായിരിക്കും ഛിന്നഗ്രഹത്തിന്റെ സഞ്ചാരം.