വൈക്കം അര്‍ബന്‍ സഹകരണ ബാങ്ക് ശതാബ്ദിയുടെ നിറവില്‍

വൈക്കം : വൈക്കത്തിന്റെ ചരിത്ര ഭൂമിയില്‍ ഒരു നൂറ്റാണ്ടിനു മുന്‍പ് രൂപം കൊണ്ട വൈക്കം അര്‍ബന്‍ സഹകരണ ബാങ്ക് ശതാബ്ദി ആഘോഷിക്കുന്നു. വൈക്കത്തിന്റെ ഹൃദയ ഭാഗത്ത് 1926 ലാണ് ബാങ്ക് സ്ഥാപിതമായത്. ഇന്ന് വളര്‍ന്ന് പന്തലിച്ച് ഒരു ലക്ഷത്തിലധികം ഷെയര്‍ ഹോള്‍ഡര്‍മാരുള്ള ബാങ്കായി ഉയര്‍ന്നു. വൈക്കം പടിഞ്ഞാറെ നടയില്‍ ബോട്ട് ജെട്ടിക്ക് സമീപമാണ് ബാങ്കിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ബാങ്കിന്റെ പ്രവര്‍ത്തന മേഖലയായി വെച്ചൂര്‍, വൈക്കം, തലയോലപറമ്പ്, ബ്രഹ്‌മമംഗലം എന്നിവിടങ്ങളില്‍ ബ്രാഞ്ചുകള്‍ ഉണ്ട്. 100 വര്‍ഷത്തെ പരമ്പര്യത്തോടുകൂടി വൈക്കത്തെ ഏറ്റവും വലിയ സഹകരണ ധനകാര്യ സ്ഥാപനമായ അര്‍ബന്‍ ബാങ്കിന്റെ 1 വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് മാര്‍ച്ച് 15 ന് തുടക്കം കുറിക്കും. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ചെയ്തു. ബാങ്കിന്റെ ആദ്യകാല അംഗമായ വൈക്കം ആറാട്ടുകുളങ്ങരയില്‍ പടിഞ്ഞാറെ കോവിലകത്ത് 102 വയസ്സ് പിന്നിട്ട കെ. രവി വര്‍മ്മ തമ്പാനും സഹധര്‍മ്മണി അമ്മണി അമ്മാളും ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. ബാങ്ക് ചെയര്‍മാന്‍ വി. എസ്. കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ബി. അനില്‍ കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ വി. സുരേഷ്, ജനറല്‍ മാനേജര്‍ പി. ജയലക്ഷ്മി, മോഹന്‍ ഡി. ബാബു, അഡ്വ: എ. സനീഷ് കുമാര്‍, എന്‍. സി. തോമസ്, എസ്. ജയപ്രകാശ്, കെ. ശടാനന്‍ നായര്‍, ബി. ജയകുമാര്‍, ടി. കെ. രാജഗോപാല്‍, മോഹനന്‍ നായര്‍, ലേഖ സത്യന്‍, ഷേര്‍ളി ജയപ്രകാശ്, എ. ജി. എം. സ്മിത എം. എന്നിവര്‍ പങ്കെടുത്തു.ചിത്രവിവരണം :വൈക്കം അര്‍ബന്‍ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബാങ്കിന്റെ ആദ്യകാല അംഗമായ കെ. രവി വര്‍മ്മ തമ്പാനും ഭാര്യ അമ്മണി അമ്മാളും ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *