15 വർഷത്തെ സേവനത്തിന് 15 പുസ്തകവുമായി സമീർ മാഷ്

സർക്കാർ സർവ്വീസിൽ പതിനഞ്ച് വർഷം പൂർത്തീകരിച്ച കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗം അധ്യാപകൻ സമീർ സിദ്ദീഖി സ്കൂൾ ലൈബ്രറിയിലേക്ക് പതിനഞ്ച് പുസ്തകങ്ങൾ പ്രിൻസിപ്പാൾ പി എസ് അരുണിനും മറ്റ് സഹപ്രവർത്തകർക്കുമായി കൈമാറി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു , സനിത എസ്, സി എം പ്രജീഷ് , സിന്ധു പി രാമൻ തുടങ്ങിയവർ പങ്കെടുത്തു. വി എച്ച് എസ് ഇ വിഭാഗത്തിലെ വൊക്കേഷണൽ കോഴ്സായ സ്മാൾ പൗൾട്രി ഫാർമർ പഠിപ്പിക്കുന്ന അധ്യാപകനാണ്. സ്കൂളിലെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിലെ കരിയർ മാസ്റ്റർ കൂടിയാണ്. കണ്ണൂർ ജില്ലയിലെ പുളിങ്ങോം സ്കൂളിൽ 2011 ഫ്രെബ്രുവരിയിലാണ് സർക്കാർ സർവ്വീസിൽ ആദ്യം പ്രവേശിച്ചത് തുടർന്ന് എറണാകുളം ജില്ലയിലെ ഈസ്റ്റ് മാറാടി, ഇരിങ്ങോൾ, തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ തുടങ്ങിയ സ്കൂളുകളിലെ സേവനത്തിന് ശേഷം കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ എത്തി. സ്വന്തം വീട്ടിൽ ആയിരത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു “ഹോം ലൈബ്രറിയും ” തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ പൊതുജനങ്ങളും നിരവധി വിദ്യാർത്ഥികളും വരാറുണ്ടെന്ന് സമീറിൻ്റെ പിതാവ് ഡോ എം സിദ്ദീക്കുൽ കബീർ പറഞ്ഞു. ജന്മദിനം , വിവാഹ വാർഷികം തുടങ്ങിയ മറ്റു വിശേഷദിവസങ്ങളിലും പുസ്തകങ്ങൾ സംഭാവന ചെയ്യാറുണ്ട്. സമീർ മാഷിൻ്റെ നാൽപ്പത്തി നാലാം ജന്മദിനത്തിൽ 44 പുസ്തകങ്ങൾ കരുണാ സായി സൈക്കോ പാർക്കിലെ ലൈബ്രറിയിലും പതിനെട്ടാം വിവാഹ വാർഷികത്തിൽ 18 പുസ്തകങ്ങൾ ഗീതാഞ്ജലി ലൈബ്രറിയിലും നൽകിയിരുന്നു. പുസ്തക പ്രേമിയായ സമീർ മാഷ് ഈ വർഷം ഒരു പുസ്തകം എഴുതുവാനുള്ള തയ്യാറെടുപ്പിലാണ്. സംസ്ഥാന സർക്കാരിൻ്റെ മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അവാർഡ് , മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തുന്ന അധ്യാപകനുള്ള ഗ്രീൻ വാരിയർ നാഷണൽ എൻവയോൺമെൻ്റൽ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്, ഉന്നത വിദ്യാഭ്യാസ വകുപ്പ് നേതൃത്വത്തിൽ ലഹരിക്കെതിരെ നടത്തുന്ന “ആസാദ് സേന ” യുടെ കാസർകോട് ജില്ല കോർഡിനേറ്റർ, നാഷണൽ സർവീസ് സ്കീം കാസർകോട് ഠൗൺ ക്ലസ്റ്റർ കോർഡിനേറ്റർ , കേരള സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റിയുമായി സഹകരിച്ച് നടത്തുന്ന എയിഡ്സ് ബോധവൽക്കരണ പരിപാടിയായ “യുവ ജാഗരൺ” പദ്ധതിയുടെ നോഡൽ ഓഫീസർ, വി എച്ച് എസ് ഇ അധ്യാപകരുടെ അംഗീകൃത സംഘടനയായ വൊക്കേഷണൽ ഇൻസ്ട്രക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് തുടങ്ങിയ നിരവധി പദവികളിൽ പ്രവർത്തിച്ചു വരുന്നു. തിരുവനന്തപുരം സ്വദേശിയായ സമീർ മാഷും ഭാര്യ തസ്നീമും ദുർഗ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ റൈഹാൻ സമീറും കാരാട്ട് വയലിലാണ് താമസം. ഫോട്ടോ ക്യാപ്ഷൻ സർക്കാർ സർവ്വീസിൽ പതിനഞ്ച് വർഷം പൂർത്തിയാക്കിയ കാഞ്ഞങ്ങാട് സൗത്ത് ജീ വി എച്ച് എസ് സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗം അധ്യാപകനായ സമീർ സിദ്ദീഖി സ്കൂൾ ലൈബ്രറിയിലേക്ക് പതിനഞ്ച് പുസ്തകങ്ങൾ പ്രിൻസിപ്പാൾ പി എസ് അരുണിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *