ഡല്‍ഹി: ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിച്ചുവെന്ന് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സോണിയാഗാന്ധി. പാര്‍ലമെന്റ് ഹൗസിലെ സംവിധാന്‍ സദനില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുമ്പോഴാണ് സോണിയാഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എംപിമാര്‍ ഉന്നയിച്ചത് യുക്തവും ന്യായവുമായ ആവശ്യമാണ്. ഇത്രയധികം പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്ത നടപടി രാജ്യത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും സോണിയാഗാന്ധി പറഞ്ഞു.
മോദി സര്‍ക്കാരിന് ധാര്‍ഷ്ട്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വിവരിക്കാന്‍ വാക്കുകളില്ലെന്നും സോണിയാഗാന്ധി പറഞ്ഞു.
അത്യന്തം ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് പാര്‍ലമെന്റില്‍ ഉണ്ടായത്. അത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയാത്തതാണ്. വിഷയത്തില്‍ പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്ത്രമന്ത്രിയോ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യം തികച്ചും ന്യായമാണ്. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ഭയപ്പെടില്ല. സത്യം ഇനിയും തുറന്നു പറയുമെന്നും സോണിയാഗാന്ധി പറഞ്ഞു.
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, കെസി വേണുഗോപാല്‍, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവര്‍ സംബന്ധിച്ചു. ലോക്സഭയിലെ സുരക്ഷാവീഴ്ചയ്ക്കെതിരെ പ്രതിഷേധിച്ചതിനാണ് പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്തത്.
ലോക്സഭയിലെ 95 ഉം, രാജ്യസഭയിലെ 46 ഉം അടക്കം 141 പ്രതിപക്ഷ എംപിമാരെയാണ് കൂട്ടത്തോടെ വിലക്കിയിട്ടുള്ളത്. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനാണ് സസ്പെൻഷൻ.