ജില്ലയിൽ പോലീസിൻ്റെ പ്രത്യേക പരിശോധനയിൽ ഒരു ദിവസം രജിസ്റ്റർ ചെയ്തത് 300 കേസുകൾ

Kerala Uncategorized

ജില്ലയിലെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ഒരു ദിവസം രജിസ്റ്റർ ചെയ്തത് 300 കേസുകൾ.

മയക്കുമരുന്ന്, ലഹരിവില്പന, സ്വർണക്കടത്ത്, വാഹനപരിശോധന, കുഴൽപ്പണം എന്നിങ്ങനെ വിവിധ മേഖലകളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം കേസുകൾ രജിസ്റ്റർചെയ്തത്. വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികളേയും പരിശോധനയിൽ അറസ്റ്റു ചെയ്തു.

മയക്കുമരുന്ന് ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് 34 കേസുകളും 71 അബ്കാരി കേസുകളും അനധികൃത ഒറ്റഅക്ക നമ്പർ ലോട്ടറി കേസും രജിസ്റ്റർചെയ്തു. 4460 വാഹനങ്ങൾ പരിശോധിച്ചതിൽ രേഖകളില്ലാത്ത 168 വാഹനങ്ങൾക്കെതിരേയും മോഡിഫൈ ചെയ്ത 14 വാഹനങ്ങൾക്കെതിരേയും ലൈസൻസില്ലാത്ത 81 വാഹനങ്ങൾക്കെതിരേയും മദ്യപിച്ച് വാഹനമോടിച്ച 43 പേർക്കെതിരേയും നടപടി സ്വീകരിച്ചു. 

വാഹനപരിശോധനയിൽ 4,97,000 രൂപയാണ് പിഴ അടപ്പിച്ചത്. രാത്രിയിൽ അനാവശ്യമായി ചുറ്റിക്കറങ്ങിയവർക്കെതിരേ പെറ്റിക്കേസുകളും ചാർജ് ചെയ്തു. 

കരിപ്പൂർ വിമാനത്താവളഭാഗത്ത് ജീൻസ് പാന്റ്സിലും സോക്‌സിലുമായി അനധികൃതമായി കടത്തിയ 2160 ഗ്രാം സ്വർണമിശ്രിതവുമായി രണ്ട് പേരും അനധികൃത വിദേശകറൻസി വിനിമയം നടത്തിയ ഒരാളിൽനിന്ന് 11,950 രൂപയും പിടികൂടി. താനൂർ സ്റ്റേഷനിൽ 3.4 ലക്ഷം രൂപയുടെ കുഴൽപ്പണം കടത്തിയ ഒരാളേയും പിടികൂടി.

കൊണ്ടോട്ടി അരിമ്പ്രയിലെ അനധികൃത ക്വാറിയിൽനിന്ന് ഷോക് ട്യൂബുകളും ജലാറ്റിൻ സ്റ്റിക്കുകളും ഹിറ്റാച്ചികളും കംപ്രസ്സറുകളും പിടികൂടി. 

പെരിന്തൽമണ്ണ ചിരട്ടാമലയിലെ അനധികൃത ചെങ്കൽക്വാറിയിൽനിന്ന് 11 ടിപ്പർ ലോറികളും ഒരു ജെ.സി.ബി.യും പിടികൂടി. തിരൂർ, കുറ്റിപ്പുറം സ്റ്റേഷനുകളിൽ അനധികൃത മണൽക്കടത്ത് നടത്തിയ ടിപ്പർ ലോറികളും പരിശോധനയിൽ പിടികൂടി. 

ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജില്ലയിലെ ഡിവൈ.എസ്.പി.മാർ, ഇൻസ്പെക്ടർമാർ, എസ്.ഐമാർ ഉൾപ്പെടെയുള്ള പോലീസ് സേനാംഗങ്ങളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *