കൊല്‍ക്കത്ത: സംസ്ഥാന അസംബ്ലിയില്‍ നടന്ന പ്രതിഷേധത്തിനിടെ ദേശീയ ഗാനത്തെ അപമാനിച്ചതിന് അഞ്ച് ബിജെപി എംഎല്‍എമാര്‍ക്കെതിരെ കൊല്‍ക്കത്ത പോലീസ് രണ്ടാമത്തെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. നിലാദ്രി ശേഖര്‍ ദന, ദീപക് ബര്‍മന്‍, മനോജ് ടിഗ്ഗ, ശങ്കര്‍ ഘോഷ്, സുദീപ് കുമാര്‍ മുഖര്‍ജി എന്നിവരാണ് എഫ്ഐആറില്‍ പേരുള്ള എംഎല്‍എമാര്‍.
സംസ്ഥാന നിയമസഭാ വളപ്പില്‍ ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെ 12 ബിജെപി എംഎല്‍എമാര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നവംബര്‍ 29 ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ബിജെപി എംഎല്‍എമാര്‍ പ്രത്യാക്രമണം നടത്തുകയും കള്ളന്‍മാര്‍ എന്ന് വിളിക്കുകയും ചെയ്തുവെന്ന് ടിഎംസി നേതാക്കള്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് എഫ്‌ഐആര്‍.
മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗാരന്റി ആക്ട് (എംജിഎന്‍ആര്‍ഇജിഎ) തൊഴിലാളികളുടെ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചതിനെതിരെയായിരുന്നു പ്രതിഷേധം. ദേശീയ ഗാനത്തോടെ പ്രതിഷേധം സമാപിച്ചപ്പോള്‍, ബിജെപി എംഎല്‍എമാര്‍ ദേശീയഗാനത്തിന് തടസ്സം വരുത്തി ഭരണകക്ഷി അംഗങ്ങള്‍ക്ക് നേരെയുള്ള വിളികള്‍ തുടരുകയായിരുന്നു.
ഇതോടെ ബിജെപി നിയമസഭാംഗങ്ങള്‍ സഭയില്‍ ദേശീയഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ നിയമസഭാ സ്പീക്കര്‍ ബിമന്‍ ബന്ദ്യോപാധ്യായയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് രേഖാമൂലം പരാതി നല്‍കി.
ബംഗാളിലെ ജനങ്ങള്‍ക്ക് സുവേന്ദു അധികാരി കള്ളനാണെന്ന് അറിയാം. ബി.ജെ.പി അദ്ദേഹത്തെ കള്ളനെന്ന് വിളിച്ച വീഡിയോയാണ് പുറത്തുവിട്ടത്. ബി.ജെ.പി എം.എല്‍.എമാര്‍ക്കെതിരെ ചുമത്തിയ കേസുകളോട് പ്രതികരിച്ചുകൊണ്ട് ടി.എം.സി നേതാവ് കുനാല്‍ ഘോഷ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.