കാലാവസ്ഥ വ്യതിയാനവും കളനിയന്ത്രണവും- അന്തർദേശീയ സെമിനാർ കാർഷിക കോളേജിൽ സമാപിച്ചു

മാറുന്ന കാലാവസ്ഥയിൽ കളകൾ കരുത്താർജ്ജിച്ചു കനത്ത വിളനഷ്ടം വരുത്തുന്നതിനാൽ മെച്ചപ്പെട്ട കളനിയന്ത്രണമാർഗ്ഗങ്ങൾ അവലോകനം ചെയ്തുകൊണ്ട് വെള്ളായണി കാർഷിക കോളേജിൽ രണ്ടുദിവസമായി സംഘടിപ്പിച്ച രാജ്യാന്തര സെമിനാറിനു (CWIS 2025) സമാപനമായി.യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ് ലാൻഡ് , ഓസ്ട്രേലിയയിലെ പ്രമുഖ കളശാസ്ത്രജ്ഞൻ ഡോ. ബി.എസ്. ചൗഹാൻ ഉദ്ഘടാനം ചെയ്ത സെമിനാറിൽ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കാർഷിക ശാസ്ത്രജ്ഞർ പങ്കെടുത്തു. സെമിനാർ നടപടികൾ, കാർഷിക കോളേജ് ശാസ്ത്രജ്ഞർ തയ്യാറാക്കിയ കെ.എ.യു വീഡ്‌സ് മൊബൈൽ ആപ്പ്, വെള്ളായണിയുടെ കാർഷിക കാലാവസ്ഥാ വിശകലന റിപ്പോർട്ട് (1983–2024) എന്നിവയുടെ പ്രകാശനം ഡോ. ബി.എസ്. ചൗഹാൻ നിർവഹിച്ചു. നബാർഡ്, കേര, കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ എന്നിവയുടെ ധനസഹായത്തോടെ നടത്തിയ സെമിനാറിൽ വിദ്യാർത്ഥികളുടെയും ഗവേഷകരുടേതുമായി 250ൽ പരം പ്രബന്ധങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ‘ജൈവകൃഷിയിലൂടെ അതിജീവനം’ എന്ന വിഷയത്തിൽ കേന്ദ്ര കിഴങ്ങുവർഗ്ഗവിള ഗവേഷണ കേന്ദ്രം, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സുജ ജി. മുഖ്യപ്രഭാഷണം നടത്തി. പ്രാദേശിക ഗവേഷണകേന്ദ്രം മേധാവിയും സെമിനാർ കൺവീനറും ആയ ഡോ.ശാലിനി പിള്ള പി. അദ്ധ്യക്ഷത വഹിച്ച സമാപനച്ചടങ്ങിൽ ഉത്തരാഖണ്ഡ് ശ്രീ ഗുരു റാം റായി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ.പ്രതാപൻ പ്രബന്ധ വിജയികൾക്കുള്ള അവാർഡുകൾ സമ്മാനിച്ചു. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.കെ. ദാസ്, തമിഴ്നാട് കാർഷിക സർവകലാശാല എമിറിറ്റസ് ശാസ്ത്രജ്ഞൻ ഡോ. സി. ആർ. ചിന്നമുത്തു, കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. കെ. എൻ. അനിത്, ഗവേഷണ കോർഡിനേറ്റർ ഡോ.ഫൈസൽ എം. എച്ച്, ഡോ.റോയ് സ്റ്റീഫൻ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ഷീജ കെ.രാജ്, സെമിനാർ ജോയിന്റ് കൺവീനർ ഡോ. അമീന എം., ഡോ.സുഷ വി.എസ്. എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *