മലപ്പുറം : ഐക്യകേരളത്തിന്റെ എഴുപതാം ജന്മദിനത്തിൽ തലമുറ സംഗമം നടത്തി വിദ്യാർത്ഥികൾ. പൂക്കിപറമ്പ് വാളക്കുളം കെ എച്ച് എം എച്ച്എസ് സ്കൂളിലെ ദേശീയ ഹരിത സേന,ഫോറസ്ട്രി ക്ലബ്ബ്, സീഡ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ‘കേരളത്തിന്റെ ഇന്നും ഇന്നലെകളും’ എന്ന ശീർഷകത്തിൽ പരിപാടി സംഘടിപ്പിച്ചത്. പ്രദേശത്തെ മുതിർന്ന പൗരൻമാരായ ടി.വി. മൊയ്തീൻ , കെ.മുഹമ്മദ് കുട്ടി, കൃഷ്ണൻ കുട്ടി പുളിക്കൽ എന്നിവർ കേരളത്തിന്റെ ഇന്നലകളിലെ ജീവിതവും പരസ്പര സൗഹൃദവും കുട്ടികളുമായി പങ്കുവെച്ചപ്പോൾ പുതിയ കാലത്തിന്റെ ന്യൂജൻ വർത്തമാനങ്ങളുമായി കുട്ടികളും കളം നിറഞ്ഞു. ക്ലബ്ബ് ലീഡർമാരായ ആനന്ദ്,ബിൻഷാദ്, അമ്മാർ സലിം, ജസ,ഫാത്തിമ നൗറിൻ, സിയ ഫാത്തിമ എന്നിവരാണ് മുതിർന്നവരുമായി സംവദിച്ചത്. മാനേജർ ഇ കെ അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. കെ പി ഷാനിയാസ്, വി ഇസ്ഹാഖ്, ടി മുഹമ്മദ്, ഇ കെ ആതിഫ് എന്നിവർ നേതൃത്വം നൽകി.


