ടൊറന്റോ: 2014 മുതല്‍ ഒന്റാരിയോയിലെ കൗമാരക്കാര്‍ക്കിടയിലെ ഒപിയോയിഡ് മരണങ്ങള് മൂന്നിരട്ടിയായതായി പഠനം. യൂണിറ്റി ഹെല്‍ത്ത് ടൊറന്റോയിലെ ഒന്റാറിയോ ഡ്രഗ് പോളിസി റിസര്‍ച്ച് നെറ്റ്വര്‍ക്കിന്റെ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ ഒപിയോയിഡ് മൂലമുള്ള മരണങ്ങള് മൂന്നിരട്ടിയായി വര്‍ദ്ധിച്ചു, അതേസമയം മയക്കുമരുന്ന് ചികിത്സാ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
മുന്‍ വര്‍ഷത്തെ 115 മരണങ്ങളെ അപേക്ഷിച്ച് 15 നും 24 നും ഇടയില്‍ പ്രായമുള്ളവരിലെ ഒപിയോയിഡ് മരണങ്ങള് പാന്‍ഡെമിക്കിന്റെ ആദ്യ വര്‍ഷത്തില്‍ 169 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു.
ഒപിയോയിഡുമായി ബന്ധപ്പെട്ട അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ടവരുടെ നിരക്ക് ആ സമയത്ത് നാലിരട്ടിയായി വര്‍ധിച്ചതായും ഒന്റാറിയോ ഡ്രഗ് പോളിസി റിസര്‍ച്ച് നെറ്റ്വര്‍ക്ക് കണ്ടെത്തി. പാന്‍ഡെമിക് സമയത്ത് ഒപിയോയിഡ് ഉപയോഗം മൂലം മരിച്ചവരില്‍ 94 ശതമാനത്തിനും കാരണം ഫെന്റനൈല്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് 19 വന്നതിന് ശേഷം ഈ നിരക്കില്‍ 10 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഒപിയോയിഡുകള്‍ മൂലം മരണമടഞ്ഞ യുവാക്കളില്‍ പകുതിയോളം പേര്‍ക്ക് മാത്രമേ ഒപിയോയിഡ് ഉപയോഗ ഡിസോര്‍ഡര്‍ ഉള്ളൂവെന്നും ഇത് മൊത്തത്തിലുള്ള പ്രവിശ്യാ ചരിത്രത്തില്‍ നിന്നും വ്യത്യസ്തമാണെന്നും ഗവേഷകര്‍ കണ്ടെത്തി.