ഒഡിഷയിലെ ബാലസോർ ട്രെയിൻ ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. കഴിഞ്ഞ മാസം രണ്ടിനാണ് രാജ്യത്തെ നടുക്കിയ അപകടം നടന്നത്. അപകടം നടന്ന് ഇത്ര നാളായിട്ടും ഇനിയും തിരിച്ചറിയാത്ത 52 മൃതദേഹങ്ങളാണ് ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിലുള്ളത്. ആകെ ഇവിടെ സൂക്ഷിച്ചിരുന്ന 81 മൃതദേഹങ്ങളിൽ 29 എണ്ണം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ 22 എണ്ണം ഞായറാഴ്ച സംസ്കരിച്ചു. വരുന്ന ദിവസങ്ങളിൽ ബാക്കിയുള്ള 52 മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു.
ബന്ധുക്കൾ എത്തില്ലെന്നറിയിച്ചതിനെ തുടർന്ന് രണ്ട് പേരുടെ മൃതദേഹങ്ങൾ കോർപ്പറേഷൻ സംസ്‌കരിച്ചു. ബിഹാർ സ്വദേശികളായ ഇവരെ അവിടേക്ക് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് ബന്ധുക്കൾ അറിയിക്കുകയായിരുന്നു. ജൂൺ രണ്ടിന് നടന്ന അപകടത്തിൽ 293 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 287പേർ അപകട സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു.