മലപ്പുറം : പൂക്കിപറമ്പ് വാളക്കുളം കെ എച്ച് എം എച്ച് എസ് എസിലെ വിദ്യാർത്ഥികൾ തുടർച്ചയായി പത്താം വർഷവും സ്വന്തമായി അവിൽ പുറത്തിറക്കി. ഇവരുടെ സ്വന്തം ഞായർ കൃഷിയിലൂടെ ഉല്പാദിപ്പിച്ചു വരുന്ന നെല്ലാണ് _കതിർമണി_ എന്ന ബ്രാൻഡ് നാമത്തിൽ അരിയും അവിലുമാക്കി വിതരണം ചെയ്തത്. സ്കൂളിലെ സീഡ് ക്ലബ്ബ്, ദേശീയ ഹരിതസേന, ഫോറസ്റ്ററി ക്ലബ്ബ് എന്നിവയിലെ അംഗങ്ങളാണ് ഇതിനു നേതൃത്വം നൽകുന്നത്. _സൺഡേ ഫാമിംഗ്_ എന്ന പേരിൽ, സ്കൂളിന് തൊട്ടടുത്തുള്ള വാളക്കുളം പാടശേഖരത്തിലാണ് കഴിഞ്ഞ 10 വർഷമായി ഇവർ നെൽകൃഷി ചെയ്യുന്നത്. ഞാറ് നടീൽ മുതൽ അവിലിന്റെയും അരിയുടെയും പാക്കിങ്ങ് വരെയുള്ള മിക്ക ഘട്ടങ്ങളും ചെയ്യുന്നത് മിക്കവാറും കുട്ടികൾ തന്നെ. അത്യാവശ്യ സഹായങ്ങൾ മാത്രം അധ്യാപകരും മറ്റു അഭ്യുദയകാംക്ഷികളും ചെയ്യുന്നു. സ്കൂൾ മാനേജർ ഇ കെ അബ്ദുറസാഖ് പ്രദേശത്തെ കർഷക തൊഴിലാളിയും ദീർഘകാലമായി സ്കൂളിലെ ഉച്ചഭക്ഷണ പാചകത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തിയുമായ പി. വള്ളിക്ക് കൈമാറി വിതരണോദ്ഘാടനം നടത്തി.കെ പി ഷാനിയാസ്, വി ഇസ്ഹാഖ്, ഇ കെ ആത്തിഫ്, ക്ലബ്ബ് ലീഡർമാരായ സബീൽ മുനവ്വർ, നാസിഫ്, സൈദലവി, ആർദ്ര, ഫാത്തിമ നൗറിൻ, അൻഷിദ ജെബി,അശ്വതി, ഫാത്തിമ ലിയ എന്നിവർ നേതൃത്വം നൽകി.
കർക്കടക പഥ്യത്തിന് കതിർമണി അവിലുമായി കുട്ടിക്കർഷകർ
