ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പൊലീത്ത സക്കറിയ മാർ അന്തോണിയോസ് കാലം ചെയ്തു

Uncategorized

പത്തനംതിട്ട: ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പോലീത്തയും മുൻ കൊല്ലം ഭദ്രാസനാധിപനുമായിരുന്ന സക്കറിയ മാർ അന്തോണിയോസ് കാലം ചെയ്തു. 87 വയസായിരുന്നു. മല്ലപ്പള്ളി അന്തോണിയോസ് ദയറായിൽ വെച്ചായിരുന്നു അന്ത്യം. കബറടക്കം പിന്നീട് നടത്തും.

1946 ജൂലൈ 19 ന് പുനലൂരിലെ ആറ്റുമാലിൽ വരമ്പത്തു കുടുംബത്തിൽ ഡബ്ല്യു സി എബ്രഹാമിന്റെയും മറിയാമ്മയുടെയും മകനായാണ് സഖറിയാസ് മാർ അന്തോണിയോസ് ജനിച്ചത്. കൊല്ലം ബിഷപ്സ് ഹൗസിൽ ഏറെക്കാലം മാനേജരായി പ്രവർത്തിച്ചു. നെടുമ്പായിക്കുളം, കുളത്തൂപ്പുഴ, കൊല്ലം കാദീശ തുടങ്ങി അനേകം ഇടവകകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1989 ഡിസംബർ 28 ന് മെത്രാപ്പൊലീത്തയായി അവരോധിക്കപ്പെട്ടു. 1991 ഏപ്രിൽ 30ന് വാഴിക്കപ്പെട്ടു. 2009 ഏപ്രിൽ ഒന്നിനു കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്തയായി.

സഖറിയാസ് മാർ അന്തോണിയോസ് 1991 മുതൽ 2009 മാർച്ച് 31 വരെ വരെ കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത ആയിരുന്നു.ഒരിക്കൽ എലംകുളം സെന്റ് ഗ്രിഗോറിയോസ് പള്ളിയിലെ അംഗങ്ങൾ മെത്രാപ്പൊലീത്തയ്ക്കു പിറന്നാൾ സമ്മാനമായി കാർ നൽകുന്നതിനെക്കുറിച്ചു സംസാരിച്ചു. കാർ തന്നാൽ ഉപയോഗിക്കില്ലെന്നും പകരം കളമശേരി മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ ആഹാരം നൽകാൻ ശ്രമിക്കണമെന്നുമായിരുന്നു മെത്രാപ്പൊലീത്തയുടെ ഉപദേശം. കൊച്ചി ഭദ്രാസനത്തിലെ പള്ളികൾ ചേർന്നു സഖറിയാസ് മാർ അന്തോണിയോസ് സൊസൈറ്റി രൂപീകരിച്ചു. കളമശ്ശേരിയിൽ സഖറിയാസ് മാർ അന്തോണിയോസ് കാരുണ്യ നിലയവും സ്ഥാപിച്ചു. കോട്ടയം പഴയ സെമിനാരിയിൽ കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സഹപാഠിയായിരുന്നു സഖറിയാസ് മാർ അന്തോണിയോസ്.

Leave a Reply

Your email address will not be published. Required fields are marked *