കൊച്ചി: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്. 7 ലക്ഷത്തിലധികം മെമ്പർഷിപ്പുകൾ പുതിയതായി സംസ്ഥാനത്ത് യൂത്ത് കോൺഗ്രസിന് ഉണ്ടായി. ഒരുമാസം ആയിരുന്നു ആദ്യം വോട്ടോടുപ്പിനും അംഗത്വ വിതരണത്തിനുമായി ഉണ്ടായിരുന്നത്. എന്നാൽ ഉമ്മൻചാണ്ടിയുടെ മരണം കാരണവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാരണവും വോട്ടെടുപ്പ് നീട്ടിവെച്ചു. ഇതിനിടയിൽ കോടതി ഇടപെടൽ മൂലവും ആഴ്ചകളോളം വോട്ടെടുപ്പ് നീണ്ടു.
ഇതുവരെയുള്ള ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അപ്പുറം പുതിയ സമവാക്യങ്ങൾ സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ കെ സി വേണുഗോപാൽ നിന്ന് ആരുംതന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരത്തിന് ഇറങ്ങിയിരുന്നില്ല. ആദ്യഘട്ടത്തിൽ എ ഗ്രൂപ്പ് ഐ ഗ്രൂപ്പ് സ്ഥാനാർത്ഥികൾ തമ്മിലായിരുന്നു മത്സരം. എന്നാൽ പിന്നീട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് പിന്തുണച്ച മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ അനുതാജ് മത്സര രംഗത്ത് സജീവമാവുകയായിരുന്നു. സംസ്ഥാനത്തുടനീളം അനുതാജിന് വോട്ട് ലഭിച്ചു. മത്സരരംഗത്ത് സജീവ മുന്നേറ്റം ഉണ്ടാക്കുമെന്ന് മുമ്പ് പറഞ്ഞിരുന്ന പലരും മുന്നോട്ടു വന്നതു പോലുമില്ല. കൊല്ലം ജില്ലയിലെ ഐ ഗ്രൂപ്പ് വോട്ടുകൾ പൂർണ്ണമായും അനുതാജിന് ലഭിച്ചിട്ടുണ്ട്. എ ഗ്രൂപ്പ് വോട്ടുകളിലും വിള്ളൽ ഉണ്ടാക്കുവാൻ അനുതാജിന് കഴിഞ്ഞു. ഒക്ടോബർ അവസാനവാരത്തോടെ കമ്മറ്റികളുടെ പ്രഖ്യാപനം ഉണ്ടാകുവാനാണ് സാധ്യത.