ശ്രുതിയ്ക്ക് സംരക്ഷണമേകി യൂത്ത്കോണ്‍ഗ്രസ്; ആറ് മാസത്തേക്ക് സാമ്പത്തിക സഹായം നൽകും

Breaking Kerala

കൊച്ചി: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിനെ അതിജീവിച്ചിട്ടും ദുരന്തം വിടാതെ പിന്തുടർന്ന ശ്രുതിക്ക് സംരക്ഷണമൊരുക്കി യൂത്ത്കോൺഗ്രസ്‌. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രുതിയ്ക്ക് ആറുമാസത്തേക്കുള്ള സാമ്പത്തിക സഹായം നൽകുമെന്നാണ് യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചത്. മാസംതോറും 15,000 രൂപ വീതം നല്‍കും. ആശുപത്രി വിട്ട ശ്രുതിയ്ക്ക് ആറുമാസത്തേക്ക് ജോലിയ്ക്ക് പോകാനാവില്ല ഈ സാഹചര്യത്തിലാണ് സഹായവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. കല്‍പ്പറ്റയില്‍ വെള്ളാരംകുന്നില്‍ ഉണ്ടായ അപകടത്തിലായിരുന്നു ശ്രുതിക്കും പ്രതിശ്രുത വരന്‍ ജെന്‍സനും അടക്കം പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച വാനില്‍ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലിനോക്കുകയായിരുന്നു ശ്രുതി. ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛന്‍ ശിവണ്ണ, സഹോദരി ശ്രേയ, അമ്മമ്മ അടക്കമുള്ളവരെയാണ് നഷ്ടപ്പെട്ടത്. കോഴിക്കോടായിരുന്നതിനാല്‍ ശ്രുതി അപകടത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. ഉറ്റവരുടെ വേർപാടിലും ശ്രുതിക്ക് കൈത്താങ്ങായത് പ്രതിശ്രുത വരനായ ജെന്‍സനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *