ലോകകപ്പ്; ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും

National Sports

ലോകകപ്പില്‍ ഇന്ത്യ വ്യാഴാഴ്ച അയല്‍ക്കാരായ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. നാലാം മത്സരവും ജയിച്ച്‌ പോയന്‍റ് ടേബിളിലെ മേധാവിത്വം നിലനിര്‍ത്താൻ ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.നിലവില്‍ മൂന്നു മത്സരങ്ങളില്‍നിന്ന് ആറു പോയന്‍റുമായി ഇന്ത്യയാണ് ഒന്നാമത്. ഇന്ത്യൻ നായകൻ രോഹിത് ശര്‍മ മികച്ച ഫോമിലാണ്. ആസ്ട്രേലിയക്കെതിരെ ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ ഹിറ്റ്മാൻ, അഫ്ഗാനെതിരായ മത്സരത്തില്‍ 84 പന്തില്‍ 131 റണ്‍സും പാകിസ്താനെതിരെ 86 റണ്‍സും നേടി. തകര്‍പ്പൻ പ്രകടനത്തോടെ ലോകകപ്പ് മത്സരങ്ങളില്‍ താരത്തിന്‍റെ സമ്ബാദ്യം 1195 റണ്‍സായി.

20 ഇന്നിങ്സുകളില്‍നിന്നാണ് താരം ഇത്രയും റണ്‍സ് നേടിയത്. ലോകകപ്പ് ചരിത്രത്തില്‍ റണ്‍വേട്ടക്കാരില്‍ നിലവില്‍ രോഹിത് ഏഴാം സ്ഥാനത്താണ്. 29 മത്സരങ്ങളില്‍നിന്ന് 1186 റണ്‍സുമായി വിരാട് കോഹ്ലി തൊട്ടുപിന്നാലെയുണ്ട്. 49.41 ആണ് കോഹ്ലിയുടെ ശരാശരി. എട്ടു അര്‍ധ സെഞ്ച്വറിയും രണ്ടു സെഞ്ച്വറിയും താരത്തിന്‍റെ പേരിലുണ്ട്. ഇരുവര്‍ക്കും തൊട്ടുമുന്നിലായി മുൻ വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ്. 33 ഇന്നിങ്സുകളില്‍നിന്നായി 1225 റണ്‍സ്. റണ്‍വേട്ടക്കാരില്‍ ലാറ നാലാം സ്ഥാനത്താണ്.

1207 റണ്‍സുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സാണ് ലാറക്ക് പിന്നിലുള്ളത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ രോഹിത്തും കോഹ്ലിയും ലാറയെയും ഡിവില്ലിയേഴ്സിനെയും മറികടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ബംഗ്ലാദേശ് നായകൻ ശാകിബുല്‍ ഹസനും റണ്‍വേട്ടക്കാരുടെ എലീറ്റ് പട്ടികയിലുണ്ട്. 32 ഇന്നിങ്സുകളില്‍നിന്നായി 1201 റണ്‍സാണ് താരം ഇതുവരെ നേടിയത്.

ബാറ്റിങ്ങിന് അനുകൂലമായ പുണെയിലെ എം.സി.എ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ബംഗ്ലാദേശ് മത്സരം. അതുകൊണ്ടുതന്നെ ലോകകപ്പ് റണ്‍വേട്ടക്കാരുടെ നിലവിലെ പട്ടികയില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *