ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിനം. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി, പരിചരണത്തിൻ്റെ സാമ്പത്തിക ശക്തി’, എന്നതാണ് ഇത്തവണത്തെ പ്രമേയം. നിപയെന്ന ഭീകരരോഗം ബാധിച്ച രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന സിസ്റ്റർ ലിനിയെ കണ്ണീരോടെയല്ലാതെ ഒരു മലയാളിക്കും ഓർക്കാാവില്ല. 2018 ലാണ് ലിനിയെ നമുക്ക് നഷ്ടമായത്. താന്‍ പരിചരിച്ച രോഗിയില്‍നിന്ന് പകര്‍ന്ന വൈറസാണ് ലിനിയുടെ ജീവനെടുത്തത്. ലിനിയെപോലെ ജീവിതം ആതുരസേവനത്തിനായി സമര്‍പ്പിച്ച ഭൂമിയിലെ മാലാഖമാര്‍ക്കുള്ള ആദരമായാണ് ലോകമെങ്ങുമിന്ന് നഴ്‌സസ് ദിനമായി ആചരിക്കുന്നത്.
ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു നഴ്സിന്റെ സഹായം തേടിയിട്ടില്ലേ? അവരുടെ പരിചരണം ഒരിക്കലെങ്കിലും നമ്മെ സന്തോഷിപ്പിച്ചിട്ടില്ലേ? എന്നാല്‍ സംസ്ഥാനത്തിലെ ആരോഗ്യമേഖല നാളിതുവരെ നേരിടാത്ത പ്രതിസന്ധിയിലേക്ക് കാലെടുത്തുവെക്കുകയാണ്. നമ്മുടെ മാലാഖമാർ പറന്നകലുകയാണ്. അര്‍ഹിക്കുന്ന വേതനവും ബഹുമാനവും തേടി വിദേശങ്ങളിലേക്ക്. യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള നഴ്‌സുമാരുടെ കുറവ് ഐസിയു, സിസിയു, ഓപ്പറേഷൻ തിയേറ്റർ എന്നിവിടങ്ങളിൽ നേരിട്ടു തുടങ്ങി. കേരളത്തിലെ സ്വകാര്യ ആരോഗ്യമേഖലയിൽ 30 മുതൽ 40 ശതമാനം വരെയാണ് ഈ കുറവ്. പൊതുമേഖലയിലും സ്ഥിതി സമാനമാണ്. നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി, പരിചരണത്തിൻ്റെ സാമ്പത്തിക ശക്തി, എന്ന ഇത്തവണത്തെ പ്രമേയം പ്രസക്തമാകുന്നതിവിടെയാണ്. നാട് വിടുന്ന മാലാഖമാര്‍ക്ക് ഇവിടെ, നാട്ടില്‍ തന്നെ മികച്ച അവസരമൊരുക്കാന്‍ കരുത്തു പകരുന്നതാകട്ടെ ഈ വര്‍ഷത്തെ നഴ്സസ് ദിനം.