ചെന്നൈ: ലോകകപ്പിൽ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ആസ്ത്രേലിയയാണ് എതിരാളികൾ. 2011ലെ കിരീടനേട്ടം ആവർത്തിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആറാം കിരീടമാണ് ആസ്ത്രേലിയ ലക്ഷ്യമിടുന്നത്. ലോക റാങ്കിംഗില്‍ ഒന്നും മൂന്നും സ്ഥാനക്കാരായ ഇന്ത്യയും ആസ്ത്രേലിയയും ആദ്യ പോരാട്ടത്തിനിറങ്ങുമ്പോൾ മത്സരഫലം പ്രവചനാതീതമാണ്. രോഹിതിന് വാർണർ, കോഹിലിക്ക് സ്‍മിത്ത്, സിറാജിന് സ്റ്റാർക്ക് എന്നിങ്ങനെ അടിക്ക് തിരിച്ചടിയാകുമ്പോള്‍ പോരാട്ടം കനക്കുമെന്നുറപ്പ്.
തുല്യശക്തികളുടെ പോരാട്ടത്തിനായാണ് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയം കാത്തിരിക്കുന്നത്. സ്പിന്നർമാർക്ക് അനുകൂല പിച്ചായതുകൊണ്ട് തന്നെ ടോസ് നേടുന്നവർ ബാറ്റിംങ് തെരഞ്ഞടുക്കാനാണ് സാധ്യത. സ്വന്തം മണ്ണില്‍ കളി നടക്കുന്നത് അനുകൂല ഘടകമാണെങ്കിലും ആസ്ത്രേലിന്‍ കളിക്കാർക്കും ഇന്ത്യന്‍ പിച്ചുകള്‍ അപരിചിതമല്ല.. ചെന്നൈയിലെ സ്ലോ പിച്ചില്‍ സ്പിന്നർമാരും മീഡിയം പേസ് ബൗളർമാരുമായിരിക്കും കളിയിൽ നിർണായകമാകുക.