സ്ത്രീകൾക്ക് വിവിധ മേഖലകളിൽ സുരക്ഷിതമായി ജോലി ചെയ്യാനായി നിയമ നിർമാണം നടത്തും; മന്ത്രി സജി ചെറിയാൻ

Cinema Kerala

സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനായി നിയമ നിർമാണം നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ. അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് മുതിർന്ന ചലച്ചിത്ര നടിമാരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘മറക്കില്ലൊരിക്കലും’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മലയാള സിനിമയുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരങ്ങളാണ് വേദിയിലുള്ളതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ചലച്ചിത്ര മേളയിലെ ഈ നിമിഷം മറക്കാതിരിക്കാനാണ് ‘മറക്കില്ലൊരിക്കലും’ എന്ന പേര് നൽകിയതെന്നും വരും വർഷങ്ങളിലും ചലച്ചിത്ര സാങ്കേതിക മേഖലയിലുള്ളവരെ ഉൾപ്പെടെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുമെന്നും സാങ്കേതിക മേഖലയിൽ സ്ത്രീ സാന്നിധ്യം വർധിപ്പിക്കുന്ന പരിപാടികൾ സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സാധാരണയിൽ നിന്നും വ്യത്യസ്തമായ നിരവധി പരിപാടികൾ ഇത്തവണത്തെ മേളയിലുണ്ടെന്നും വരും വർഷങ്ങളിൽ കൂടുതൽ പരിപാടികളും പദ്ധതികളും ചലച്ചിത്രമേളയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഒരു കാലത്ത് ചലച്ചിത്ര മേഖലയിൽ തിളങ്ങി നിന്ന വ്യക്തിത്വങ്ങളാണ് ഇവരെന്നും കാലത്തിലും ചരിത്രത്തിലും ജീവിക്കുന്നവരാണ് ഈ മുതിർന്ന നടിമാരെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറും പറഞ്ഞു. ചടങ്ങിൽ നടിമാരായ മല്ലികാ സുകുമാരൻ, ശാന്തികൃഷ്ണ, മേനക സുരേഷ്കുമാർ, ജലജ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *