വനിതാ സംവരണ ബില്‍: സ്ത്രീകള്‍ക്ക് അഭിനന്ദനം അര്‍പ്പിച്ച് പ്രധാനമന്ത്രി

National

ഡല്‍ഹി: രാജ്യം കാത്തിരിക്കുന്ന പ്രതിജ്ഞാബദ്ധത താന്‍ നിറവേറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസാക്കിയതോടെയാണ് നരേന്ദ്ര മോഡി ഇത് പറഞ്ഞത്.

ഇന്ത്യയിലെ ഓരോ അമ്മയെയും സഹോദരിയെയും മകളെയും അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വനിതാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

‘നാരീശക്തി വന്ദന്‍ അധീനിയം ഒരു സാധാരണ നിയമമല്ല. ഇത് നവ ഇന്ത്യയുടെ ജനാധിപത്യ പ്രതിബദ്ധതയുടെ വിളംബരമാണ്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം എന്ന മോദി സര്‍ക്കാരിന്റെ ഉറപ്പിന്റെ തെളിവാണിത്,’ മോദി പറഞ്ഞു.

”ഇന്ന്, ഇന്ത്യയിലെ ഓരോ അമ്മയെയും സഹോദരിയെയും മകളെയും ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. സെപ്റ്റംബര്‍ 20, 21 തീയതികളില്‍ ചരിത്രം സൃഷ്ടിക്കപ്പെട്ടതിന് നാമെല്ലാം സാക്ഷിയായി.

ചരിത്രം സൃഷ്ടിക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ഞങ്ങള്‍ക്ക് അവസരം നല്‍കിയതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. ഈ തീരുമാനം വരും തലമുറകള്‍ ആഘോഷിക്കും.

നാരീശക്തി വന്ദന്‍ അധീനിയം പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് പാസാക്കിയത്,” പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ പതിറ്റാണ്ടുകളായി രാജ്യം കാത്തിരുന്ന സ്വപ്നമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നതെന്നാണ് വിപ്ലവകരമായ ബില്ലിനെ കുറിച്ച് മോദി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *