ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ചുമത്താൻ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും: പി സതീദേവി

Breaking Kerala

തിരുവനന്തപുരം : ഏറ്റവും കൂടുതല്‍ സ്ത്രീധന പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി.സമൂഹം പെണ്‍കുട്ടികളെ ഒരു ബാധ്യതയായാണ് കാണുന്നത്.

പാരിതോഷികങ്ങള്‍ക്ക് പരിധി നിശ്ചയിക്കാനും, ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ചുമത്താനും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും സതീദേവി പറഞ്ഞു.

കൊല്ലം ജില്ലാതല പട്ടികവര്‍ഗ മേഖലാ ക്യാമ്ബിന്റെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. സ്ത്രീധനത്തെ നിയമം കൊണ്ട് മാത്രം നിരോധിക്കാന്‍ കഴിയില്ല.

വിവാഹശേഷം ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാകുമ്ബോള്‍ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാനാണ് ഉപദേശം നല്‍കുന്നത്. മര്‍ദനം ഉള്‍പ്പെടെ സഹിച്ച്‌ ജീവിക്കണമെന്ന കാഴ്ചപ്പാട് പെണ്‍കുട്ടികളുടെ ജീവിതം താറുമാറാക്കുമെന്നും പൊരുത്തപ്പെടാന്‍ കഴിയാതെ പെണ്‍കുട്ടികള്‍ ആത്മഹത്യയിലേക്ക് തിരിയുന്നത് ആശങ്കാജനകമാണെന്നും സതീദേവി പറഞ്ഞു.

ജീവിതം സംബന്ധിച്ച്‌ പെണ്‍കുട്ടികളുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായി കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ മാറ്റമുണ്ടാകേണ്ടത് മാതാപിതാക്കളുടെ ചിന്താഗതിയിലാണ്. വീടുകളുടെ അകത്തളങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയരണം. പെണ്‍കുട്ടികള്‍ക്ക് അഭിപ്രായങ്ങള്‍ പറയുന്നതിന് അവസരം നല്‍കണം.

സ്ത്രീകള്‍ക്ക് അവരില്‍ അന്തര്‍ലീനമായ കഴിവുകള്‍ സ്വയം തിരിച്ചറിയാന്‍ സാധിക്കണം. സ്വന്തം ജീവിതം തിരിച്ചറിയാനും നിര്‍ണയിക്കാനും പെണ്‍കുട്ടികള്‍ക്ക് അവകാശം നല്‍കണം. സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് ആര്‍ജിക്കുന്നതിന് പെണ്‍കുട്ടികളെ പ്രാപ്തമാക്കിയെങ്കിലേ സ്ത്രീശാക്തീകരണം പൂര്‍ണമാകുകയുള്ളൂ എന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ.

Leave a Reply

Your email address will not be published. Required fields are marked *