ഗൂഡല്ലൂര്‍: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. ഓവാലി പഞ്ചായത്തിലെ പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് (25) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി 10.45ന് ആയിരുന്നു സംഭവം. ഒരാഴ്ചക്കിടെ മൂന്ന് പേരാണ് ഗൂഡല്ലൂരില്‍ മാത്രം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം ദേവർഷോലയില്‍ ദേവൻ ഒന്ന് എസ്റ്റേറ്റ് തൊഴിലാളി മാധേവ് (52), മസിനഗുഡിയിലെ കർഷകൻ നാഗരാജു (52) എന്നിവരാണു കൊല്ലപ്പെട്ടത്.
പ്രശാന്ത് സമീപത്തെ ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് വരുമ്ബോള്‍ കാട്ടാനയുടെ മുന്നില്‍പെടുകയായിരുന്നു. ഊട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറുമണിയോടെയാണ് മരണപ്പെട്ടു.
അതിനിടെ തൃശൂര്‍ പാലപ്പിള്ളിയിലെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി. പത്തോളം വരുന്ന കാട്ടാനക്കൂട്ടമാണ് ദിവസവും രാത്രി ജനവാസ മേഖലയില്‍ തമ്ബടിക്കുന്നത്.