ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കന്നട സൂപ്പർ താരം ശിവരാജ് കുമാറിന്റെ സിനിമകളും പ്രത്യേക പരിപാടികളും പരസ്യങ്ങളും നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപിയുടെ ഒബിസി മോർച്ച തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ബിജെപി ഒബിസി മോർച്ച പ്രസിഡന്റ് രവി കൗടില്യയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.
ശിവരാജ് കുമാറിന്റെ പത്നി ഗീത ശിവകുമാറാണ് ഷിമോഗയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശിവരാജ് കുമാർ ഇടപെടുന്നതിന്റെ പശ്ചാത്തലത്തിലാണ് നടന്റെ സിനിമകള്‍ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. സംസ്ഥാന വ്യാപകമായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏർപ്പെട്ടിരിക്കുന്ന ശിവരാജ് കുമാർ തന്റെ സിനിമാ പ്രവർത്തനത്തിലൂടെയും പൊതു വ്യക്തിത്വത്തിലൂടെയും ജനങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
നടനുമായി ബന്ധപ്പെട്ട സിനിമകളോ പരസ്യങ്ങളോ ബില്‍ബോർഡുകളോ പ്രദർശിപ്പിക്കുന്നത് താത്കാലികമായി തടയുന്നതിന് സിനിമാ തിയേറ്ററുകള്‍, ടിവി ചാനലുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, പ്രാദേശിക സംഘടനകള്‍ എന്നിവയ്ക്ക് ഉത്തരവ് നല്‍കി അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.