ഉപഭോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുകൾ അവതരിപ്പിക്കാൻ എന്നും വാട്ട്സ്ആപ്പ് ശ്രദ്ധിക്കാറുണ്ട്. ഉപയോഗം എളുപ്പമാക്കാൻ എന്നും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട് ആപ്പ്. ഇപ്പോൾ രണ്ട് ഉപകരണങ്ങൾക്കിടയിൽ ക്യൂ ആർ കോഡിലൂടെ ചാറ്റ് ഹിസ്റ്ററി കൈമാറാനുള്ള സംവിധാനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ആപ്പ് അവതരിപ്പിച്ച പുതിയ അപ്ഡേറ്റിലാണ് മറ്റു ഫോണുകളിലേക്ക് വേഗത്തിൽ ചാറ്റ് ഹിസ്റ്ററി മാറ്റാനുള്ള സംവിധാനം വന്നിരിക്കുന്നത്. ആപ്പിൽ നിന്ന് പുറത്തുകടക്കാതെ തന്നെ സമ്പൂർണ്ണ ചാറ്റും മീഡിയ ഹിസ്റ്ററിയും സംരക്ഷിക്കാനുളള സംവിധാനമാണ് മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചത്. ആൻഡ്രോയ്ഡിൽ നിന്ന് ഐഫോണിലേക്കും തിരിച്ചും ഡാറ്റ കൈമാറാൻ ഉപഭോക്താക്കളെ വാട്സ്ആപ്പ് ഇതിനകം അനുവദിക്കുന്നുണ്ട്. ഒരേ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ മാത്രമാണ് പുതിയ ക്യൂ ആർ രീതി പ്രവർത്തിപ്പിക്കാൻ കഴിയുന്നത്.ക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്തായിരുന്നു ഇത് വരെ ചാറ്റുകൾ മറ്റ് ഫോണുകളിലേക്ക് മാറ്റിയിരുന്നത്. എന്നാൽ പുതിയ രീതിയിൽ ക്ലൗഡിലേക്ക് ചാറ്റുകൾ ബാക്കപ്പ് ചെയ്യേണ്ടതില്ലെന്ന് ആണ് വാട്സ്ആപ്പ് പറയുന്നു. ബാക്കപ്പ്, റീസ്റ്റോറിംഗ് എന്നീ പ്രക്രിയകൾ ഒഴിവാക്കി ക്യൂ ആർ കോഡ് സ്കാനിംഗ് മാത്രം ചെയ്ത് പുതിയ രീതിയിൽ ചാറ്റുകൾ മാറ്റാം. കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ള വലിയ ഫയലുകൾ ഉൾപ്പെടെ ഈ രീതിയിൽ ഉപയോഗിക്കാം. മാറ്റുന്ന ഫോണുകൾ ഒരേ വൈഫൈയിലേക്ക് കണക്‌ട് ചെയ്തിരിക്കണം.
എങ്ങനെ ചാറ്റുകൾ മാറ്റാം എന്ന് നോക്കാം
ആദ്യം പഴയ ഉപകരണത്തിൽ വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക
സെറ്റിംങ്സ് > ചാറ്റ്സ് > ചാറ്റ് ട്രാൻസ്ഫർ എന്നിങ്ങനെ ഓപ്പൺ ചെയ്യുക
അപ്പോൾ പഴയ ഫോണിൽ നിന്ന് ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടും.
തുടർന്ന് സ്കാൻ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, കൈമാറ്റം സ്വീകരിക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടും.
അതിന് ശേഷം ആസെപ്റ്റ് കൊടുക്കുക, അപ്പോൾ തന്നെ കൈമാറ്റ പ്രക്രിയ ആരംഭിക്കും.
അതേസമയം ഈ പ്രക്രിയ പൂർത്തിയാകുന്നത് വരെ ഉപഭോക്താക്കൾ ട്രാൻസ്ഫർ സ്ക്രീനിൽ തന്നെ തുടരണം എന്നത് ശ്രദ്ധിക്കേണ്ടതാണ്.