വയനാട്ടിലേക്ക് ഇനിയും സൈന്യമെത്തും; രക്ഷാപ്രവർത്തനം ഊർജിതമാക്കും

Kerala

കൽപ്പറ്റ: വയനാട്ടിൽ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി നാളെ രണ്ട് മെഡിക്കൽ ചെക്ക് പോസ്റ്റ്‌ കൂടി സൈന്യം സ്ഥാപിക്കും. നാളെ അതിരാവിലെ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവർത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ട്. കർണാടക-കേരള സബ് ഏരിയ കമാന്റർ മേജർ ജനറൽ വിടി മാത്യു നാളെ വയനാട്ടിലേക്ക് തിരിക്കും. രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് എത്തുന്നത്. വയനാട്ടിലെ കൺട്രോൾ റൂമിന്റെ ചുമതല നേരിട്ട് ഏറ്റെടുക്കും.

മദ്രാസ്, മറാത്ത റെജിമെന്റുകളിൽ നിന്ന് 140 പേരാണ് നാളെ ദുരന്തഭൂമിയിൽ എത്തുക. 330 അടി ഉയരമുള്ള താത്കാലിക പാലം നാളെ നിർമ്മാണം തുടങ്ങും. ബെംഗളൂരുവിൽ നിന്ന് നാളെ പുലർച്ചെ പാലത്തിന്റെ ഭാഗങ്ങൾ എത്തിക്കും. അതിനായി ബെംഗളൂരുവിൽ നിന്ന് സംഘം പുറപ്പെട്ടു കഴിഞ്ഞു. ആർമി എഞ്ചിനിയറിങ്ങ് ഗ്രൂപ്പിന്റെ 70 വിദഗ്ധരാണ് പാലം നിർമാണത്തിന് എത്തുന്നത്. പാലം നിർമ്മാണത്തിനുള്ള സജ്ജീകരണങ്ങൾ തയ്യാറാക്കി. ചെറുപാലങ്ങൾ നിർമ്മിക്കാനുള്ള ഉപകരണങ്ങൾ ദില്ലിയിൽ നിന്ന് നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തും. ഇതോടൊപ്പം ദില്ലിയിൽ നിന്ന് മൂന്ന് സ്നിഫർ ഡോഗുകളേയും എത്തിക്കും. മൃതദേഹങ്ങൾ കണ്ടെത്താനാണ് സ്നിഫർ ഡോഗുകളെ എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *