മന്ത്രിമാരുടെ നേതൃത്വത്തിൽ തദ്ദേശ ജനപ്രതിനിധികളുടെ യോഗം ചേർന്നു

Uncategorized

വയനാട്: വയനാട്ടിലെ വന്യജീവി ശല്യം പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനായി മന്ത്രിമാരുടെ നേതൃത്വത്തിൽ തദ്ദേശ ജനപ്രതിനിധികളുടെ യോഗം ചേർന്നു. വനം, റവന്യു, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. രണ്ട് തരത്തിലുള്ള പരിഹാര നിർദ്ദേശങ്ങളാണ് യോഗത്തിൽ തീരുമാനിച്ചത്. ചികിത്സ സഹായം, ജനകീയ സമിതി രൂപീകരണം, പട്രോളിംഗ് സ്‌ക്വാഡുകൾ തുടങ്ങിയ കാര്യങ്ങളിലാണ് നിർദ്ദേശങ്ങളും തീരുമാനങ്ങളും ഉണ്ടായത്.

അതേസമയം, വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയിട്ടുണ്ട്. വന്യജീവികളുടെ ആക്രമണം തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ജനകീയ സമിതി രൂപീകരിക്കാനും തീരുമാനിച്ചു.

കളക്ടർ ആയിരിക്കും ഈ സമിതിയുടെ കോർഡിനേറ്റായി കളക്ടർ പ്രവർത്തിക്കുക. രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വയനാട്ടിലെ വിഷയം ജനങ്ങളുടെ ജീവൽപ്രശ്‌നമാണെന്നും അതിൽ രാഷ്ട്രീയം കലർത്തരുതെന്നും മന്ത്രി കെ രാജൻ അഭ്യർത്ഥിച്ചു. വനമേഖലയിൽ കൂടുതൽ ഡ്രോണുകളെ വിന്യസിച്ച് നിരീക്ഷണം തുടരുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷും അറിയിച്ചു. വനമേഖലയിൽ 250 പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്നും അതിർത്തി മേഖലയിൽ 13 പട്രോളിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *