മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് വായ്പ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടിയുള്ള പ്രചാര വേലയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കോട്ടയത്തെ റാഗിംഗ് സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എന്നതിനപ്പുറത്ത് എസ്എഫ്‌ഐയെ ക്രൂശിക്കുന്നതിനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു. രണ്ട് കേസുകളിലായി വന്ന സിബിഐ കണ്ടെത്തല്‍ മാധ്യമങ്ങളുടെ കള്ള പ്രചാരവേല തുറന്നുകാട്ടുന്നത് ആയിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് വേണ്ടി കേന്ദ്ര ബജറ്റിലും ബജറ്റിനു പുറത്തുമായി നിരവധി നിവേദനം സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയിരുന്നു. അതൊന്നും പരിഗണിക്കാതെയാണ് വായ്പയായി 529 കോടി രൂപ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. അനുവദിച്ച വായ്പ ആകട്ടെ 45 ദിവസം കൊണ്ട് ചിലവഴിക്കണം എന്ന അപൂര്‍വ്വ നിബന്ധനയും മുന്നോട്ടുവെച്ചിരിക്കുന്നതായി ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു.
കോട്ടയത്തെ റാഗിംഗ് സംഭവം അതിക്രൂരമായ സംഭവമാണ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ ഇവിടെ എസ്എഫ്‌ഐയെ എങ്ങനെയാണ് ക്രൂശിക്കുക എന്നതാണ് ചിലര്‍ നോക്കുന്നത് എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു.