വയനാട്ടില്‍ അജീഷിന്റെ ജീവനെടുത്ത ആനയെ ട്രാക്ക് ചെയ്യാനുള്ള ശ്രമം തുടരുന്നു

Breaking Kerala

ട്രാക്ക് ചെയ്യാനുള്ള ശ്രമം തുടരുന്നു ഇതിനായി മുത്തങ്ങ ക്യാമ്ബില്‍ നിന്നും കുംകി ആനകളെ പടമലയിലെത്തിക്കും. വിക്രം, ഭരത് എന്നീ ആനകളെയാണ് എത്തിക്കുക. എന്നാല്‍ മയക്കുവെടി ഇന്ന് വയ്ക്കില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച ബേലൂര്‍ മഗ്‌ന എന്ന ആനയാണ് അജിയെ കൊലപ്പെടുത്തിയത്. നവംബര്‍ 30-ന് ഹാസന്‍ ഡിവിഷനിലെ ബേലൂരില്‍ നിന്നു പിടികൂടിയ ആനയാണിത്.

അതേസമയം, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നല്‍കാന്‍ തീരുമാനമായി. അഞ്ച് ലക്ഷം രൂപ തിങ്കളാഴ്ച്ചയും ബാക്കി അഞ്ച് ലക്ഷം രൂപ കുടുംബം നിര്‍ദേശിക്കുന്ന നോമിനിക്ക് അടുത്ത മന്ത്രിസഭാ യോഗം അംഗീകരിച്ച ശേഷം ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കാനുമാണ് തീരുമാനം. 50 ലക്ഷം രൂപ നല്‍കണമെന്നാണ് സര്‍വ്വകക്ഷിയോഗത്തില്‍ കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍ ബാക്കി 40 ലക്ഷം രൂപ നല്‍കുന്നത് സംബന്ധിച്ച്‌ മന്ത്രിസഭായോഗത്തില്‍ മാത്രമേ തീരുമാനമുണ്ടാകൂ. സര്‍ക്കാരിലേക്ക് അനൂകൂല ശുപാര്‍ശ ഇത് സംബന്ധിച്ച്‌ നല്‍കും.

അജിയുടെ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് വനംമന്ത്രി അറിയിച്ചിട്ടുണ്ട്. ഭാര്യക്ക് സ്ഥിരം ജോലി നല്‍കുമെന്നും യോഗത്തില്‍ ഉറപ്പ് നല്‍കി. സബ് കളക്ടറുടെ ഓഫീസില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം അവസാനിച്ചു. അജിയുടെ മൃതദേഹം ഇന്ന് തന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *