പരിഷ്കരിച്ച യൂണിഫോമിൽ ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷൻ

Local News

കുമരകം : സംസ്ഥാന ജലഗതാഗത വകുപ്പ് നിർദേശിച്ച ജീവനക്കാരുടെ യൂണിഫോം പരിഷ്കരണം നടപ്പിലാക്കി മുഹമ്മ സ്റ്റേഷൻ മാതൃകയായി . പുത്തൻ വേഷത്തിൽ മുഹമ്മ ജലഗതാഗത വകുപ്പ് സ്റ്റേഷനിലെ ജീവനക്കാർ ആദ്യ ഡ്യൂട്ടി ചെയ്തു. തിങ്കളാഴ്ച രാവിലെ 10 മണി ഷെഡ്യൂളിലാണ് പുത്തൻ യൂണിഫോമായി എസ് 55 നമ്പർ ബോട്ടിൽ ജീവനക്കാർ എത്തിയത്. തസ്തിക വ്യത്യാസമില്ലാതെ കാക്കി നിറത്തിലെ വേഷം ധരിച്ചെത്തിയ ജീവനക്കാർ യാത്രക്കാർക്ക് വേറിട്ട കാഴ്ച നൽകി. ബോട്ടുകളില്‍ തന്നെ വലിയ മാറ്റമാണ് ജലഗതാഗത വരുത്തുന്നത്. രൂപത്തിലും ഭാവത്തിലും അന്താരാഷ്ട്ര നിലവാരത്തിലേയ്ക്കാണ് ബോട്ടുകള്‍ മാറുന്നത്. സേവന മേഖല എന്നതിനപ്പുറം ടൂറിസം രംഗത്തും മികച്ച മുന്നേറ്റം നടത്തുകയാണ് ജലഗതാഗത വകുപ്പ്. ഇതിന്റെ ഭാഗമായാണ് ജീവനക്കാരുടെ വേഷത്തിലും മാറ്റങ്ങള്‍ വരുത്തുന്നത്. ബോട്ടിന്റെ ക്രൂ എന്നറിയപ്പെടുന്ന ബോട്ട് മാസ്റ്റര്‍ , ഡ്രൈവര്‍ , സ്രാങ്ക് , ലാസ്‌കര്‍ തസ്തികളില്‍ യൂണിഫോമിന്റെ നിറം ഏകീകരിച്ച് പരിഷ്‌കരിച്ചും മറ്റു തസ്തികളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള യൂണിഫോം പരിഷ്‌കരണവുമാണ് നടപ്പിലാക്കിയിരിക്കുന്നത്.
വേഷം കാക്കി നിറത്തിലാണെങ്കിലും തസ്തികയുടെയും കാറ്റഗറി കോഡിന്റെയും അടിസ്ഥാനത്തില്‍ ഷര്‍ട്ടിന്റെ ഫ്‌ലാപ്പില്‍ ലൈനുകളും, സ്റ്റാറുകളും പതിച്ചിട്ടുണ്ട്. കൂടാതെ ജീവനക്കാരന്റെ പേരും തസ്തികയും രേഖപ്പെടുത്തിയ നേയും പ്ലേറ്റും പുതിയ വേഷത്തിന്റെ സവിശേഷതയാണ് , ഒറ്റ നോട്ടത്തില്‍ കപ്പിത്താന്മാരുടെ വേഷവുമായി സാദൃശ്യം തോന്നുന്ന തരത്തിലാണ് പരിഷ്‌കരിച്ച യൂണിഫോം. ഭൂരിഭാഗം ജീവനക്കാരും പുതിയ വേഷം തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്.

സ്റ്റേഷന്‍മാസ്റ്റര്‍ – ചെക്കിംഗ് സ്റ്റാഫ് എന്നിവര്‍ക്ക് കാക്കി പാന്റ് , വെള്ള ഷര്‍ട്ട് , ബ്രൗണ്‍ കളര്‍ ബെല്‍റ്റ് , ബ്രൗണ്‍ കളര്‍ ഷൂസ് , സില്‍വര്‍ കളറില്‍ കറുത്ത് അക്ഷരത്തില്‍ പേരും ഔദ്യോഗിക പദവിയും രേഖപ്പെടുത്തിയ നേയിം പ്ലേറ്റ് , ഷര്‍ട്ടിന്റെ ഷോള്‍ഡറില്‍ നെവീ ബ്ലൂ ഫ്‌ളാപ്പ് , ഫ്‌ളാപ്പില്‍ ഗ്രേഡിന് അനുശ്രുതമായ ഗോള്‍ഡന്‍ കളറിലെ നക്ഷത്രങ്ങളും അടങ്ങുന്ന വേഷവും ,ക്രൂ വിഭാഗമായ ബോട്ട് മാസ്റ്റര്‍ , ഡ്രൈവര്‍ , സ്രാങ്ക് , ലാസ്‌കര്‍ എന്നിവര്‍ക്ക് കാക്കി പാന്റും ഷര്‍ട്ടും , ബ്രൗണ്‍ കളര്‍ ബെല്‍റ്റ് , ബ്രൗണ്‍ കളര്‍ ഷൂസ് , കറുത്ത കളറില്‍ സില്‍വര്‍ കളര്‍ അക്ഷരങ്ങളില്‍ പേരും ഔദ്യോഗിക പദവിയും രേഖപ്പെടുത്തിയ നെയിം പ്ലേറ്റ് , ഷര്‍ട്ടിന്റെ ഷോള്‍ഡറില്‍ കറുപ്പ് / നേവിബ്ലൂ ഫ്‌ളാപ്പ് , ഫ്‌ളാപ്പില്‍ ഗ്രേഡ് അനുസരിച്ചുള്ള ഗോള്‍ഡന്‍ കളര്‍ ലൈന്‍ , ഗോള്‍ഡ് കളറില്‍ സ്റ്റാര്‍ ചിഹ്നവും അടങ്ങുന്നതാണ് പരിഷ്‌കരിച്ച യൂണിഫോം.

Leave a Reply

Your email address will not be published. Required fields are marked *