കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ കോർപ്പറേഷനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ തയ്യാറാകണം, വെള്ളക്കെട്ട് ഇല്ലെങ്കില്‍ അതിന്റെ ക്രെഡിറ്റ് കോര്‍പ്പറേഷന്‍ എടുക്കുമല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. അഭിഭാഷകന്‍ ഹാജരാകാന്‍ വൈകിയതിന്റെ കാരണവും സിംഗിള്‍ ബെഞ്ച് തേടി.
നഗരത്തിലുണ്ടാവുന്ന രൂക്ഷമായ വെള്ളക്കെട്ട് സംബന്ധിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കൊച്ചി കോര്‍പ്പറേഷനോട് ഹൈക്കോടതി നിർദേശിച്ചു. നഗരത്തില്‍ പലയിടത്തും തുടരുന്ന വെള്ളക്കെട്ട് സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നടപടി. ജില്ലയിലെ കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് ഇത്തവണയും വെള്ളത്തിനടിയിലായി.