6തിരുവനന്തപുരം: കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ വിഴിഞ്ഞം തുറമുഖത്തിൽ ആദ്യ കപ്പലെത്തി. ഷെൻ ഹുവ 15 എന്ന ചൈനീസ് കപ്പലിനെ വാട്ടർ സല്യൂട്ടോടെയാണ് കേരളത്തിന്റെ വിഴിഞ്ഞം തുറമുഖത്തേക്ക് സ്വീകരിച്ചത്. ഞായറാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം. വിഴിഞ്ഞം തുറമുഖത്തിനായുള്ള ക്രെയിനുകളുമായാണ് ഷെൻ ഹുവ 15 എത്തിയിരിക്കുന്നത്.
ലോകത്തെ ഏറ്റവും മികച്ച ക്രെയ്ൻ നിർമാതാക്കളായ ഷാൻഗായ് പിഎംസിയുടെ കപ്പലാണ് വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമെത്തിയിരിക്കുന്നത്. വിഴിഞ്ഞത്തിനാവശ്യമായ പ്രധാനപ്പെട്ട ക്രെയ്‌നുകളാണ് ഈ കപ്പലിലുള്ളത്. ഒരു ഷിപ്പ് ടു ഷോർ ക്രെയ്ൻ, രണ്ട് യാർഡ് ക്രെയിനുകൾ എന്നിവങ്ങനെയുള്ളവ. കപ്പലിൽ നിന്ന് യാർഡിലേക്ക് കണ്ടെയ്‌നറുകൾ എടുത്തു വയ്ക്കുന്നതിന് വേണ്ടിയാണ് ഷിപ്പ് ടു ക്രെയ്ൻ. തുറമുഖത്തിനകത്തെ കണ്ടെയ്‌നർ നീക്കത്തിന് വേണ്ടിയാണ് യാർഡ് ക്രെയ്‌നുകൾ. ക്രെയ്‌നുകൾ പ്രവർത്തന സജ്ജമാക്കിയാൽ പിന്നെ ആറ് മാസം പരീക്ഷണകാലമാണ്. ഷാൻഗായ് പിഎംസിക്കാണ് ഇക്കാലളവിൽ ക്രെയ്‌നുകളുടെ പ്രവർത്തനച്ചുമതല. പിന്നീട് അദാനി ഗ്രൂപ്പ് ഓപ്പറേഷൻ ചുമതല ഏറ്റെടുക്കും. 600 ജീവനക്കാർ തുറമുഖത്തുണ്ടാകും. കമ്മീഷനിംഗോടെ സുരക്ഷ ചുമതല സിഐഎസ്എഫ് ഏറ്റെടുക്കും. മെയ് മാസത്തിൽ കമ്മീഷനിംഗ് പിന്നാലെ ചരക്ക് കപ്പലുകൾ വിഴിഞ്ഞത്തെത്തും.