ആശങ്ക ഒഴിയുന്നു; ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് വിഴിഞ്ഞത്ത് ഇറങ്ങാൻ അനുമതി

Breaking Kerala

തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രെയിനുകള്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ആശങ്ക ഒഴിയുന്നു. തുറമുഖത്ത് ആദ്യമായി എത്തിയ ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15ലെ മുഴുവന്‍ ജീവനക്കാര്‍ക്ക് കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചു. തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആണ് ഇക്കാര്യം അറിയിച്ചത്. കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാര്‍ക്ക് കപ്പലില്‍നിന്ന് തുറമുഖത്തെ ബര്‍ത്തിലേക്ക് ഇറങ്ങാനുള്ള അനുമതി വൈകുന്നതിനാല്‍ ആഘോഷപൂര്‍വം സ്വീകരണം നല്‍കി നാലു ദിവസമായിട്ടും ക്രെയിനുകള്‍ ഇറക്കാനായിരുന്നില്ല.

കപ്പലിലെ രണ്ടു പേര്‍ക്കാണ് ആദ്യം എഫ്ആര്‍ആര്‍ഒ അനുമതി ലഭിച്ചത്. പിന്നീട് കപ്പലിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അനുമതി ലഭിച്ചതായുള്ള വിവരം അധികൃതര്‍ അറിയിക്കുകയായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. മുബൈയില്‍നിന്നുള്ള കമ്പനിയുടെ വിദഗ്ധരും ഉടനെത്തും. കാലാവസ്ഥ കൂടി അനുകൂലമായാല്‍ വിഴിഞ്ഞത്ത് കപ്പലില്‍നിന്ന് ക്രെയിന്‍ ബര്‍ത്തില്‍ ഇറക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.കപ്പലിലെ ജീവനക്കാരുടെ ഇമിഗ്രേഷൻ ക്ലിയറൻസിനായി അദാനി ഗ്രൂപ്പും സംസ്ഥാന സർക്കാരും സമ്മർദ്ദം ശക്തമാക്കിയിരുന്നു. നിലവില്‍ വിഴിഞ്ഞത്ത് കടല്‍ പ്രക്ഷുബ്ദമാണ്. അതിനാല്‍ തന്നെ കാലാവസ്ഥ അനുകൂലമായതിന് ശേഷമേ ക്രെയിന്‍ ഇറക്കുന്ന നടപടി ആരംഭിക്കാനാകു.

Leave a Reply

Your email address will not be published. Required fields are marked *