വിഷുക്കാലം: ‘ഗൃഹാതുരത്വത്തിൻ്റെ വിളവെടുപ്പു കാലം’

Kerala

ഹണി വി ജി
മുംബൈ

വിഷുക്കാലം… “ഗൃഹാതുരത്വത്തിൻ്റെ വിളവെടുപ്പു കാലം”…
“വിത്തും കൈക്കോട്ടും “പാടി വിഷു പക്ഷികൾ വിരുന്നെത്തുന്ന പട്ടാമ്പിയിലെ പാടങ്ങളും, ഗ്രാമ സംസ്കാരവും ,വിഷുക്കാലവും ഗൃഹാതുരത്വത്തിൻ്റെ സുഗന്ധം സമ്മാനിയ്ക്കുന്നതാണ്. തൂതപ്പുഴയും, ഭാരതപ്പുഴയും സമ്മാനിക്കുന്ന നദീതട സംസ്കാരത്തിൻ്റെ സംഗമഭൂമി കൂടിയാണ് എൻ്റെ ജന്മനാടായ പട്ടാമ്പി .ഈ പുഴത്തീരത്തെ ഓര്‍മകളില്‍ ഒളിമങ്ങാതെ കിടപ്പുണ്ട് പഴയ വിഷുക്കാലം.
പട്ടാമ്പിയിലെ തിരുമിറ്റക്കോട്ടെന്ന നിളാതീര ഗ്രാമം … അവിടെ
അമ്മവീട്ടിലെ എൻ്റെ ബാല്യകാലം എനിയ്ക്ക് സന്മാനിച്ച എത്രയോ വിഷുസ്മരണകൾ ഉണ്ട്. ഗൃഹാതുരത്വത്തിൻ്റെ വഴികളിലൂടെ
ആ വിഷുക്കാലത്തേക്ക് ഇന്നും എൻ്റെ മനസ് തിരിഞ്ഞു നടക്കാറുണ്ട്. മുംബൈ എന്ന മഹാനഗരത്തിൻ്റെ തിരക്കേറിയ ജീവിതത്തിനിടയിലും, നാടിൻ്റെ ഗൃഹാതുരമായ സുഗന്ധം പിടിച്ച് , മനസ് വഴി തെറ്റാതെ ആ ഭൂതകാലത്തേയ്ക്ക് തിരിഞ്ഞു നടക്കും. വിഷുക്കാലത്തും, ഓണക്കാലത്തുമൊക്കെ അത്തരത്തിൽ മനസ് സഞ്ചരിക്കും..
വെക്കേഷനിലെ സ്കൂൾ അടച്ചുള്ള ആ രണ്ടുമാസ കാലം ബാല്യകാല സ്മൃതികളിലെ സുഗന്ധ കാലമാണ്. വെക്കേഷനിൽ റിലീസ് ചെയ്യുന്ന സിനിമൾ കാണാൻ അവസരം.സിനിമയ്ക്ക് പോകുമ്പോൾ കൊണ്ടുപോകുന്നത് കൈനീട്ടം കിട്ടിയ കാശ്.പുറത്ത് പോകാൻ അവസരം.അങ്ങനെ ആഘോഷങ്ങൾ പൊടിപൊടിച്ചിരുന്ന പ്രായവും കാലവും, ഇന്നലെകളും . ഇതിനൊന്നും ഒരു ആവർത്തനവിരസതയോ മുടക്കമോ ഇല്ലാതെ തന്നെ കാലം മുന്നോട്ട് പോയി…

വിഷു എപ്പോഴും ഗൃഹാതുരമായ സ്മൃതി തന്നെയാണ്.വിഷു വരുമ്പോള്‍ ഓര്‍മ്മകള്‍ പട്ടാമ്പി തിരുമിറ്റക്കോട്ട് എത്തും.വല്ല്യമ്മമാർ,മേമ്മമാർ അവരുടെ കുട്ടികള്‍ എല്ലാവരും വരുന്നു, ഒത്തു കൂടുന്നു.അവരുടെ കൂടെ ആണ് വിഷു. വിശാലമായ പറമ്പുണ്ടായിരുന്നു.മരം കയറാം,കളിക്കാം,കുളിക്കാം, പടക്കം പൊട്ടിക്കാം ..

കൊഴിഞ്ഞു പോയ വിഷുക്കാലങ്ങളെ ഓര്‍ക്കുമ്പോള്‍ ഇന്നും ആദ്യം ഓര്‍മ്മ വരിക കുട്ടികാലത്തെ ആ വിഷുവാണ്.ഒപ്പം അമ്മമ്മയുടെ കയ്യില്‍ നിന്നും കിട്ടിയ ആ വിഷുക്കൈനീട്ടവും.അമ്മമ്മയായിരുന്നു ആ തറവാട്ടിലെ എല്ലാത്തിന്റെയും അവസാന വാക്ക്. വലിയൊരു കർഷക കുടുംബമായിരുന്നു അമ്മയുടെ തറവാട്. ഗ്രാമ നന്മകളെ കണികണ്ടുണരുന്ന തറവാട്.
വിഷുവിന് അമ്മമ്മ എല്ലാവർക്കും കൈനീട്ടം തരുന്ന സമയത്ത് എനിക്കും തരും.ഒരിക്കൽ വിഷുവിന് കൈനീട്ടം തന്നതിന്റെ പിറ്റേ ദിവസം വീണ്ടും ഒരു പ്രാവശ്യം കൂടി കൈനീട്ടം തന്നു അമ്മമ്മ,”ഇന്ന് കുറച്ച് പൈസ എന്റെ കയ്യിൽ വന്നു, കുട്ടി ഇത് കൂടി വെച്ചോ ട്ടോ “എന്ന് പറഞ്ഞ് എന്റെ കയ്യിൽ തിരുകി തന്നിട്ടുണ്ട്, ഒരു വർഷം കൂടി അമ്മമ്മ ഇങ്ങിനെ ചെയ്തിട്ടുണ്ട്.അമ്മമ്മയും ആ തറവാടും ഓർമ്മയായെങ്കിലും ഈ നല്ലോർമ്മകൾ ഓരോ വിഷുക്കാലത്തും ഇന്നും മനസിൽ വിരുന്നെത്തുന്നു..
സുഹൃത്തുക്കളോടും കസിൻസിനോടുമൊപ്പം ആഘോഷിച്ച അന്നത്തെ വിഷുവിന്റെ ഓര്‍മ്മകള്‍ക്ക് മാധുര്യമെറെയാണ്.വല്ല്യമ്മയുടെയും മേമ്മമാരുടെയും മക്കളായ സോന,
ശ്രീച്ചേട്ടൻ, ജിസി ജിത്തു,ഇവരുടെയൊക്കെ വരവും നോക്കി കാത്തിരിക്കുമായിരുന്നു.പിന്നീടുള്ള ദിവസങ്ങൾ അവരോടൊപ്പമാണ്.
ഇന്ന് എല്ലാവരും ഓരോരോ സ്ഥലങ്ങളിലാണ്.
എല്ലാവരും എന്നെപ്പോലെ തന്നെ അന്നത്തെ വിഷു ഓര്‍മ്മകളെ മനസ്സില്‍ താലോലിയ്ക്കുന്നുണ്ടാകണം.

കാലം മാറുകയാണ്. വിഷുവും മാറുകയാണ്. ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്നത് സോഷ്യല്‍ മീഡിയയ്ക്ക് ഒപ്പമാണ്.കുട്ടികള്‍ക്ക് വരെ ഐപാഡുള്ള കാലമാണ്.കാലത്തിനനുസരിച്ചാണ് സഞ്ചാരം.മധ്യവേനലവധിക്കാലത്തിന്റെ സന്തോഷകരമായ ദിവസങ്ങള്‍ക്കിടയില്‍ വന്നുചേരുന്ന വിഷു എന്നും നല്ല സ്മരണകളാണ് നല്‍കിയിട്ടുള്ളത്. കളിയും ചിരിയും വികൃതികളുമായി നടക്കാം.സിനിമകാണാം.ബന്ധുവീടുകള്‍ സന്ദര്‍ശിക്കാം. ഇതെല്ലാം അവധിക്കാലത്ത് മാത്രം സാധ്യമാകുന്നതാണ്.
മാങ്ങയും ചക്കയും മൂത്ത് പഴുത്ത് നില്‍ക്കുന്ന സമയം കൂടിയാണ് വേനലവധിക്കാലം. മാമ്പഴക്കാലത്തിൻ്റെ ആ മാധുര്യത്തിന് ഇന്നും സ്വാദേറെ …
മുംബൈ മഹാനഗരത്തിൽ നിന്ന് നാട്ടിലേക്കുള്ള ട്രെയിൻ യാത്രകളിൽ പലപ്പോഴും ഇങ്ങിനെ എത്രയോ ഓർമ്മകൾ മനസിൽ ചൂളം വിളിച്ചെത്താറുണ്ട്. ഒരു വിഷുക്കാലം കൂടി എത്തിയിരിക്കുന്നു. വിഷു പക്ഷികൾ മനസെന്ന പാടത്ത് മറക്കാതെ പറന്നെത്തുന്നു .. “വിത്തും കൈക്കോട്ടും ” പാടി…
ഓർമകളിൽ കമ്പിത്തിരിയുടെ വർണ്ണ പ്രകാശം തെളിയുന്നു. മാലപ്പടക്കങ്ങള്‍ നിർത്താതെ പൊട്ടുന്നു … പൂക്കുറ്റികൾ വർണ്ണ പ്രഭ പടർത്തി ഉയരങ്ങളിലേക്ക് ചിതറുന്നു.. വിഷുക്കാലത്തിൻ്റെ സുന്ദര സ്മൃതിയിലേക്ക് സഞ്ചരിക്കാൻ മനസിനെ ന്ത് ആവേശമാണെന്നോ … ഓർമകളുടെ പൂത്തിരികൾ ഇങ്ങിനെ കെടാതെ കത്തട്ടെ… വിഷു ആശംസകൾ..

Leave a Reply

Your email address will not be published. Required fields are marked *