ഓരോ ദിവസവും ഓരോ നിമിഷവും പുതിയ അപ്ഡേഷനുകൾ നടക്കുന്ന ഇടമാണല്ലോ സൈബർ ലോകം. വിവരസാങ്കേതികവിദ്യ അതിന്റെ സാങ്കേതിക മികവ് കൂടുതൽ പുത്തൻ പരീക്ഷണങ്ങളിലൂടെ വർദ്ധിപ്പിക്കുകയാണ്. മികവിൽ ഉണ്ടാകുന്നതുപോലെ തന്നെ അപ്ഡേഷനുകൾ ഓൺലൈൻ തട്ടിപ്പുകളിലും വ്യാപകമാകുന്നുണ്ട്. സമീപകാലത്ത് ഏറ്റവും അധികം നാം കേട്ടിട്ടുള്ള ഓൺലൈൻ തട്ടിപ്പുകൾ ആണ് വെർച്വൽ അറസ്റ്റും ലോൺ ആപ്പുകളുടെ മറവിലെ തട്ടിപ്പുകളും. പ്രശസ്ത സിനിമാതാരം മാല പാർവതി വെർച്വൽ അറസ്റ്റ് തട്ടിപ്പിന് ഇരയാകേണ്ടി വന്നതും അവർ അത് പുറംലോകത്തോട് പറഞ്ഞതുമാണ് ഇത്തരം തട്ടിപ്പിനെ കൂടുതൽ ആളുകളിലേക്ക് എത്തിച്ചത്. ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളി ആയെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പിന് ഇരയാക്കുന്ന രീതിയാണ് വെർച്വൽ അറസ്റ്റ്. കസ്റ്റംസ്, ആർബിഐ, എൻഐഎ, സിബിഐപോലുള്ള ഏജൻസികളിലെ ഉദ്യോഗസ്ഥർ ആണെന്ന് വ്യാജേനെയാണ് തട്ടിപ്പ് നടത്തുന്നത്. ഇവരുടെ സ്ഥാനപ്പേരും ലോഗോയുമുള്ള വ്യാജ തിരിച്ചറിയൽ കാർഡും കാണിക്കും. അനുമതിയില്ലാതെ കോൾ കട്ടുചെയ്താൽ നിയമക്കുരുക്കിൽ പെടുമെന്നു ഭീഷണിപ്പെടുത്തും. തുടർ പരിശോധനകൾക്കെന്ന മട്ടിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചറിയും. കേസിൽനിന്ന് ഒഴിവാക്കണമെങ്കിൽ അക്കൗണ്ടിലെ ബാലൻസ് സംഖ്യ ആർബിഐയുടെ വെരിഫിക്കേഷൻ അക്കൗണ്ടിലേക്കു മാറ്റാൻ ആവശ്യപ്പെടും. ഇങ്ങനെ പണം കൈകളിലെത്തുന്നതോടെ വെർച്വൽ അറസ്റ്റ് എന്ന നാടകം അവസാനിക്കും. തട്ടിപ്പു തിരിച്ചറിഞ്ഞ് ഈ നമ്പറിലേക്കു തിരിച്ചുവിളിച്ചാൽ കിട്ടുകയുമില്ല. യൂണിഫോമിലുള്ള ഐഡന്റിറ്റി കാർഡുകൾ, ഫോട്ടോ എന്നിവ അയച്ച് വിശ്വാസം നേടിയ ശേഷമാകും തട്ടിപ്പ് അരങ്ങേറുക. നേരത്തെ ബാങ്ക് കാർഡുകളും പിൻ നമ്പറും ഒടിപിയും സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ്ഫെയ്ക്കും വരെയുള്ള മോഡേൺ ടെക്നിക്കുകൾ ഉപയോഗിച്ചാണ് ഇരകളെ വലയിലാക്കുന്നത്. സമൂഹത്തിലെ ഉന്നതന്മാർ മുതൽ ചലച്ചിത്രതാരങ്ങളും സംഗീതജ്ഞരും വരെ ഈ തട്ടിപ്പിന് ഇരകളായിട്ടുണ്ട്. ഇന്ത്യയിലെ നിയമസംവിധാനത്തിൽ ഓൺലൈനായി അറസ്റ്റ് എന്നൊന്നില്ലെന്ന് മനസിലാക്കുകയും, തട്ടിപ്പു തന്ത്രങ്ങളോട് പ്രതികരിക്കാതിരിക്കുകയും ചെയ്താൽ ഈ തട്ടിപ്പിന് തടയിടാനാവും. ആറുമാസത്തിനിടെ ഇരുനൂറോളം പേർ തട്ടിപ്പിനിരയായി. ചെറിയ തുകകൾ മുതൽ മൂന്നരക്കോടി വരെ നഷ്ടപ്പെട്ട കേസുകളുണ്ട്. യഥാർത്ഥത്തിൽ വെർച്വൽ കസ്റ്റഡി എന്നത് ഇന്ത്യയിലെ ഒരു നിയമസംവിധാനത്തിന്റെ കീഴിലുമില്ല. തട്ടിപ്പുകാർ തന്ത്രവുമായി അടുക്കുമ്പോൾ പരിഭ്രാന്തരാകാതെ യുക്തിപൂർവം ചിന്തിക്കുകയാണു വേണ്ടത്. ഇത്തരം കോളുകൾ വന്നാൽ അവയോടു പ്രതികരിക്കാതിരിക്കണം. ഉടൻ കോൾ കട്ട് ചെയ്ത് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയാണ് വേണ്ടത്. സൈബർ തട്ടിപ്പുകാർ പ്രധാനമായും നോട്ടമിടുന്നത് മധ്യവയസ്കരെയും റിട്ടയർ ചെയ്തവരെയും ആണ്. ഫോൺ സന്ദേശത്തിലോ, കോളിലോ സംശയം തോന്നിയാൽ ഉടനെ മക്കളെയോ മറ്റു വിശ്വസ്തരെയോ വിവരം അറിയിച്ച് അവരുടെ നിർദേശപ്രകാരം മാത്രം മുന്നോട്ടുപോകേണ്ടതുണ്ട്. തട്ടിപ്പുകൾ പ്രധാനമായും നടക്കുന്ന മറ്റൊരു മേഖല ലോൺ ആപ്പുകൾ കേന്ദ്രീകരിച്ചാണ്. ലോൺ ആപ്പുകളുടെ കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും സംസ്ഥാനത്ത് വർദ്ധിച്ചുവരുകയാണ്. കോവിഡ് കാലമുണ്ടാക്കിയ സാമ്പത്തികപ്രതിസന്ധിയാണ് ലോൺ ആപ്പുകളെ ആശ്രയിക്കാൻ മലയാളികളെ പ്രേരിപ്പിച്ചത്. ഇന്നത് ട്രെൻഡിങ് ആയിമാറിക്കഴിഞ്ഞു. കേരള പൊലീസിന്റെ കണക്കുകൾ പ്രകാരം ദിവസവും നൂറ് കണക്കിനാളുകളാണ് ലോൺ ആപ്പുകാരുടെ കെണിയിൽ വീഴുന്നത്. നിയമപരമായി പ്രവർത്തിക്കുന്ന ആപ്പുകളാണോ എന്നുപോലും പരിശോധിക്കാതെയാണ് പലരും ആധാർ അടക്കം നൽകി ലോൺ എടുക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോൺ ബാങ്കിങ് ഫിനാൻഷ്യ കമ്പനി (എൻ.ബി.എഫ്.സി) ലൈസൻസ് നേടാത്ത ആപ്പുകളാണ് മിക്കതും. ഇത്തരം വ്യാജ ആപ്പുകൾ ഏഴ് ദിവസം മുതൽ ആറ് മാസം വരെ തിരിച്ചടവ് കാലാവധിയിലാണ് ലോണുകൾ അനുവദിക്കുക. അതിൽ കൂടുതൽ കാലാവധിയിലും ലോൺ അനുവദിക്കുന്ന ആപ്പുകളുണ്ട്. 20 ശതമാനം മുതൽ 40 ശതമാനം വരെ കൊള്ളപ്പലിശയാണ് ഇവ ഈടാക്കുന്നത്. ഇതിനു പുറമെ ലോൺ പ്രൊസസിങ് ഫീ എന്ന പേരിൽ 10 മുതൽ 25 ശതമാനം വരെ ചാർജും ഈടാക്കും. ലോണായി കിട്ടുന്ന പണത്തിന്റെ രണ്ടിരട്ടിയിലേറെയാണ് പല ആപ്പുകളും സാധാരണക്കാരിൽ നിന്ന് തിരിച്ചുപിടിക്കുന്നത്. 10,000 രൂപവരെ വായ്പ നൽകുന്ന ലോൺ ആപ്പുകൾ ഇന്ന് സുലഭമാണ്. ഇവ ഇൻസ്റ്റാൾ ചെയ്യുമ്പോൾത്തന്നെ ഉപയോക്താവിന്റെ ഫോണിലുള്ള കോണ്ടാക്ട് വിവരങ്ങൾ, ഗാലറിയിലുള്ള ഫോട്ടോകൾ, മറ്റു വ്യക്തിഗത വിവരങ്ങൾ എന്നിവ തട്ടിപ്പുകാരുടെ കയ്യിലാകും. തുടർന്ന് എടുത്ത വായ്പ അടച്ചുതീർത്താലും കൂടുതൽ പണം ചോദിക്കുകയും കൊടുത്തില്ലെങ്കിൽ ഫോണിൽനിന്നു ലഭിച്ച വിവരങ്ങൾ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇത്തരം വ്യാജ ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പയെടുക്കാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. സൈബർ തട്ടിപ്പുകളോട് ജാഗ്രതയാണ് നാം പുലർത്തേണ്ടത്. തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ കേന്ദ്രസർക്കാരിന്റെ cybercrime.gov.in ൽ പരാതിപ്പെടാം. സൈബർ ക്രൈം ടോൾ ഫ്രീ നമ്പറായ 1930ലും പരാതി അറിയിക്കാം. തട്ടിപ്പിനിരയാൽ എത്രയും പെട്ടെന്നു വിവരം കൈമാറുക. തട്ടിപ്പുകാരിൽനിന്നും ലഭിച്ച വ്യാജരേഖകളുടെ സ്ക്രീൻഷോട്ട് പ്രിന്റെടുത്ത് പൊലീസിൽ പരാതി നൽകാനും മറക്കരുത്. താമസിക്കുന്തോറും നിങ്ങളുടെ പണം മറ്റ് അക്കൗണ്ടുകളിലേക്കും ബിറ്റ്കോയിനിലേക്കും മാറ്റാനുള്ള സാധ്യത കൂടുതലാണ്. ഒരു മണിക്കൂറിനുള്ളിൽ വിവരം അറിയിച്ചാൽ പണം നഷ്ടപ്പെടുന്നത് ഏറക്കുറെ തടയാം.