കൊല്ലം: വിദേശത്ത് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കൊല്ലം സ്വദേശികളായ ദമ്പതിമാർ പിടിയിലായി.
കൊല്ലം സ്വദേശിയും ഇപ്പോൾ കലൂരിൽ താമസിക്കുന്ന ചിഞ്ചു എസ് രാജ്, ഭർത്താവ് കൊടുങ്ങല്ലൂർ സ്വദേശി അനീഷ് എന്നിവരാണ് എറണാകുളം നോർത്ത് പൊലീസിൻറെ പിടിയിലായത്.
ഉദ്യോഗാർത്ഥികളിൽ നിന്ന് ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
യു കെ സിംഗപൂർ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികൾക്ക് വിസയുണ്ടെന്ന് വാഗ്ദാനം ചെയ്താണ് ഇവർ ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച് പണം തട്ടിയത്.
പ്രതികളുടെ ഉറപ്പിന്മേൽ 56 ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിക്കൊടുത്ത പെരുമ്പാവൂർ സ്വദേശിയായ ഏജൻറ് ബിനിൽകുമാറിന്റെ പരാതിയിലാണ് നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഉദ്യോഗാർത്ഥികളുമായി നേരിട്ട് ബന്ധപ്പെടാതിരുന്ന പ്രതികൾ, ബിനിൽകുമാർ മുഖാന്തിരം പണം കൈവശപ്പെടുത്തിയ ശേഷം രാജ്യം വിടാൻ ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. ഡിജിറ്റൽ മാർക്കെറ്റിംഗ് സൈറ്റ് വഴി പരസ്യം ചെയ്താണ് പ്രതികൾ ഉദ്യോഗാർത്ഥികളെ ആകർഷിച്ചത്.