അടൂര്‍: കടമ്പനാട് വില്ലേജ് ഓഫിസര്‍ മനോജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ചുമതലയേറ്റ നാള്‍ മുതല്‍ ഭരണകക്ഷിയില്‍പ്പെട്ട ആളുകള്‍ മനോജിനെ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് പരാതിയിലുള്ളത്. സമഗ്ര അന്വേഷണം എസ്.പി ഉറപ്പുനല്‍കിയതായി സഹോദരന്‍ മധു പറഞ്ഞു.
സി.പി.എം നേതാക്കളുടെ സമ്മര്‍ദ്ദം മനോജ് നേരിട്ടുവെന്ന് തുടക്കം മുതലേ കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയ കാരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
ആത്മഹത്യക്ക് ഒരാഴ്ച മുമ്ബ് സി.പി.എം നേതാക്കള്‍ പരസ്യമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പരാതിയിലുണ്ട്. മാര്‍ച്ച് 11നാണ് മനോജിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അടൂര്‍ താലൂക്കിലെ 12 വില്ലേജ് ഓഫിസര്‍മാര്‍ ജില്ലാ കലക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അടൂര്‍ ആർ.ടി.ഒയോട് കലക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എസ്.പിക്ക് പുറമെ മുഖ്യമന്ത്രിക്കും കേന്ദ്ര പട്ടികജാതി കമ്മീഷനും കുടുംബം ഉടന്‍ പരാതി നല്‍കും.