ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3ന്റെ നിര്‍ണായക ഘട്ടം വിജയകരമായി പൂര്‍ത്തിയായതായി ഐഎസ്ആർഒ അറിയിച്ചു. ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടു. ഇനി അഞ്ചു ദിവസത്തിനു ശേഷം 23ന് വൈകിട്ട് 5.47ന് ഇന്ത്യയുടെ അഭിമാന ധൗത്യമായ ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് നടത്തും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്താണ് ലാന്‍ഡിങ് നടക്കുക.
ഇന്ന് ഉച്ചയ്ക്ക് ആണ് ലാൻഡർ മൊഡ്യൂളിനെ ഐഎസ്ആർഒ വേർപെടുത്തിയത്. ‘സവാരിക്ക് നന്ദി പങ്കാളി!’ എന്ന് ലാൻഡർ മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂളിനോട് യാത്ര പറയുന്ന ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് വേർപെടുത്തൽ പ്രക്രിയ വിജയകരമായി പൂർത്തീകരിച്ച കാര്യം ഐഎസ്ആർഒ പങ്കുവെച്ചത്.